വിജയം മൂന്നാം സ്പെയ്സിനെ ഫലപ്രദമായി മാനേജ് ചെയ്യുന്നവർക്ക്

#

(15-05-18) : കര്‍ണാടകത്തില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം നിര്‍ണ്ണായകമായ പല രാഷ്ട്രീയ ചോദ്യങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്. നാല് വര്‍ഷമായി കേന്ദ്രഭരണത്തില്‍ അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് തങ്ങള്‍ ഭരിക്കാത്ത ഒരു സംസ്ഥാനത്ത് അധികാരത്തിലേക്ക് വരാന്‍ കഴിയുന്ന തരത്തിലേക്ക് അതിന്റെ രാഷ്ട്രീയ പ്രത്യയശാസത്രത്തെ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് പ്രധാനപ്പെട്ട വസ്തുത. ബി.ജെ.പിയുടെ പ്രത്യയ ശാസ്ത്രമായ ഹിന്ദുത്വ ഏറ്റവും നന്നായി ചെലവാകുന്ന ഒരു തെക്കേയിന്ത്യന്‍  സംസ്ഥാനമാണ് കര്‍ണാടകം. കര്‍ണാടകത്തിലാണ് ആദ്യമായി ബി.ജെ.പിക്ക് ഒരു ഭരണനേതൃത്വം നേടിയെടുക്കാന്‍ സാധിച്ചത്. മറ്റ് തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കര്‍ണാടകത്തിലെ പൊതുവായ രാഷ്ട്രീയം വലിയ പരിധിയോളം ബി.ജെ.പിയുടെ രാഷ്ട്രീയപ്രത്യശാസ്ത്രം വളര്‍ന്ന് പടരാന്‍ അവസരമുണ്ടാക്കുന്നതാണ്.

കോണ്‍ഗ്രസും കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയവും വളരെ സജീവമായിരുന്ന ഒരു സംസ്ഥാനമാണ് കര്‍ണാടക. ഒരു കാലത്ത് കോണ്‍ഗ്രസ് വിരുദ്ധ രാഷ്‌ട്രീയത്തിൽ സോഷ്യലിസ്റ്റുകള്‍ വലിയ പങ്കുവഹിച്ചിരുന്ന  സംസ്ഥാനമാണ് അത്‌. പരമ്പരാഗതമായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് വിരുദ്ധത ബി.ജെ.പിക്ക് ഒരു സവിശേഷ ഘട്ടത്തില്‍ അനുകൂലമായി മാറുന്ന കാഴ്ച നമുക്ക് കാണാന്‍ സാധിക്കും. അതാണ് ഇപ്പോഴും നമുക്ക് കാണാന്‍ കഴിയുന്നത്. മാത്രമല്ല കോണ്‍ഗ്രസ് കൂടാതെ ബി.ജെ.പിയും ഒപ്പം തന്നെ ജെ.ഡി.എസും അവിടൊരു പ്രധാനപ്പെട്ട രാഷ്ട്രീയ പങ്കാളിത്തം തെരഞ്ഞെടുപ്പിലും അല്ലാതെയും വഹിക്കുന്ന ഒരു സാഹചര്യമുണ്ട്. ഇപ്പോഴും ഒരു മൂന്നാം സ്‌പെയ്‌സ് നിലനില്‍ക്കുന്ന രാഷ്ട്രീയ സമൂഹമാണ് കര്‍ണാടകത്തിലേത്. അതും ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് വളരെ കൃത്യമായി മനസ്സിലാക്കാം. ഈ മൂന്നാമത്തെ സ്‌പെയിസിനെ എങ്ങനെ മാനിപുലേറ്റ് ചെയ്യുന്നത് തങ്ങളുടെ വിജയത്തെ സഹായിക്കുമെന്ന് രണ്ടു കക്ഷികളും പരിശോധിച്ചിട്ടുണ്ട്.   ഇപ്രാവശ്യം ജയിച്ചത് ബി.ജെ.പിയാണെന്നു മാത്രം. അതുകൊണ്ടാണ് കോണ്‍ഗ്രസിനോളം വോട്ട് ഷെയര്‍ ലഭിക്കാഞ്ഞിട്ട് കൂടി ബി.ജെ.പിക്ക്  വലിയൊരളവ് തങ്ങളുടെ സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത്.

കോണ്‍ഗ്രസിന് 38 ശതമാനത്തോളം പോപ്പുലര്‍ വോട്ട് കിട്ടിയപ്പോള്‍ അവരുടെ സീറ്റുകള്‍ 69 ആയി. അതേസമയം 37 ശതമാനം മാത്രം വോട്ട് ഷെയറുള്ള ബി.ജെ.പിക്ക് സീറ്റുകളുടെ എണ്ണം അതില്‍ നിന്നും വളരെയേറെ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. മാത്രമല്ല, ജെ.ഡി.എസ് എന്ന രാഷ്ട്രീയ കക്ഷിയുമായി ബി.ജെ.പി ഉണ്ടാക്കിയ രഹസ്യമായ നീക്കുപോക്കുകള്‍ കോണ്‍ഗ്രസിനെ പരിജായപ്പെടുത്തുന്നതിലേക്ക് ചെന്നെത്തുകയും ചെയ്തു. ഏറ്റവും നല്ല ഉദാഹരണം മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയെ പരാജയപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹം പരമ്പരാഗതമായി മത്സരിച്ച് വിജയിച്ചിരുന്ന ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ബി.ജെ.പിയും ജെ.ഡി.എസ്സും തമ്മിലുണ്ടാക്കിയ രഹസ്യധാരണയാണ്. ആ രഹസ്യധാരണയുടെ ഫലമായി ബി.ജെ.പിയുടെ വോട്ടുകള്‍ ഒന്നടങ്കം ജെ.ഡി.എസ്സിന് പോയി. ജെ.ഡി.എസ് വിജയിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്തു.  ഇത് കര്‍ണാടകത്തിന്റെ പല സ്ഥലങ്ങളിലും പ്രയോഗിച്ച് നോക്കി.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മൂന്നാം സ്‌പെയ്‌സിനെ എങ്ങനെ മാനേജ്‌ചെയ്യാനും മാനുപുലേറ്റ് ചെയ്യാനും അവര്‍ക്ക് കഴിയുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് വിജയം മുന്നോട്ട് പോവുക.  കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ പല പരിമിതികളുണ്ടായിരുന്നു. ആ ഒരു സംസ്ഥാനത്തിന്റെ ഭരണം ഉള്ളതുകൊണ്ട് ഒരു റിസോഴ്‌സസ് ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് പറയാന്‍ കഴിയുമായിരുന്നില്ല. അത്തരം ഒരു സാഹചര്യത്തിലാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പിക്കാണെങ്കില്‍ കര്‍ണാടകത്തില്‍ വിജയിക്കുക എന്നുള്ളത് 2019 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദൗത്യമായതുകൊണ്ട് ധാരാളം പണം രംഗത്തെത്തിക്കാനും അത് വിതരണം ചെയ്യാനും ഭരണത്തിന്റെ ഒരു കൊഴുപ്പ് പ്രകടപ്പിച്ച് കൊണ്ട് പ്രചരണം ആകെ കൊഴുപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

കര്‍ണാടകത്തിന്റെ 1980 നുശേഷമുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു ഗവണ്‍മെന്റും ഭരണത്തുടര്‍ച്ചയിലേക്ക് പോയിട്ടില്ല എന്നത് കാണാന്‍ സാധിക്കും. അതുകൊണ്ട് കോണ്‍ഗ്രസിന് വന്നുപെട്ട ഈ പരാജയം എന്നുപറയുന്നത് ഒരു സാധാരണ പരാജയമാണ്. കര്‍ണാടകത്തിന്റെ ഒരു പ്രാദേശിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിലവിലുള്ള ഒരു ഗവണ്‍മെന്റ് പരാജയപ്പെട്ടതായി കണ്ടാല്‍ മാത്രം മതി. അതിനപ്പുറമുള്ള ഒരു രാഷ്ട്രീയ വിശകലനം ഒരു അഖിലേന്ത്യാതലത്തിലുള്ള രാഷ്ട്രീയത്തിന്റെ സൂചകമായി കര്‍ണാടകത്തില്‍ എത്രകണ്ട് ശരിയാകും എന്ന കാര്യത്തില്‍ എനിക്ക് വളരെ വലിയ സംശയമുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട വസ്തുത, മൂന്നാം സ്‌പെയ്‌സ് നിലവിലുള്ള സംസ്ഥാനങ്ങളില്‍ ആ തേഡ് സ്‌പെയ്‌സിനെ എങ്ങനെ  ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയമായും ഈ രണ്ടു കക്ഷികളില്‍ ഒന്നിന്റെ വിജയം എന്നുള്ളത് വളരെ കൃത്യമായി ബി.ജെ.പിക്ക് മനസ്സിലായിരുന്നു. കോണ്‍ഗ്രസിന് കൃത്യമായി മനസ്സിലായില്ല എന്നതാണ്  ഈ വസ്തുതകള്‍ തെളിയിക്കുന്നത്. മമത ബാനര്‍ജി ഈ തെരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ച് നടത്തിയ ആദ്യ പ്രതികരണത്തില്‍ തന്നെ ഈ ഒരു കാര്യമാണ് അവര്‍ അടിവരയിട്ട് പറയാന്‍ ഉദ്ദേശിച്ച്ത്. ഒന്ന് ജെ.ഡി.എസ്സും കോണ്‍ഗ്രസുമായും ഒരു ധാരണ ഉണ്ടായായിരുന്നെങ്കില്‍ ഫലത്തില്‍ ത്രികോണ മത്സരങ്ങള്‍ പല മണ്ഡലങ്ങളിലും ഉണ്ടാകുമായിരുന്നില്ല. ആ ത്രികോണമത്സരങ്ങള്‍ ഉണ്ടാകാതിരുന്നെങ്കില്‍ നിശ്ചയമായും  കോണ്‍ഗ്രസ്-ജെ.ഡി.എസ് മുന്നണിക്ക് ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയുമായിരുന്നു എന്ന് അവര്‍ പറയുമ്പോള്‍ ഈ തേഡ് സ്‌പെയ്‌സിനെ മാനേജ് ചെയ്യാനുള്ള കോണ്‍ഗ്രസ്സിന്റെ ശേഷിക്കുറവിനെ കുറിച്ച് അവര്‍ പരോക്ഷമായി ഒരു വിമര്‍ശനം നടത്തുകയാണ് എന്നുകൂടിയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.

 പല സംസ്ഥാനങ്ങളിലും പ്രാദേശിക സ്വഭാവമുള്ള കക്ഷികളുണ്ട്.  ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രം സ്വാധീനമുള്ള ദേശീയ കക്ഷികളുമുണ്ട്. അങ്ങനെ ഈ മൂന്ന് സ്‌പെയ്‌സുള്ള  മേഖലകളില്‍  ആ മൂന്നാം സ്‌പെയ്‌സിനെ എങ്ങനെ മാനേജ് ചെയ്യും എന്നുള്ളത് കണക്കിലെടുത്ത് വേണം കോണ്‍ഗ്രസ് 2019 ലേക്കുള്ള അവരുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍. അല്ലെങ്കില്‍ 2014 ലേതു പോലുള്ള ഒരു പരാജയമായിരിക്കും കോണ്‍ഗ്രസിനുണ്ടാവുക എന്ന കാര്യത്തില്‍ സംശയമില്ല. കര്‍ണാടക തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠവും അതാണ് എന്നാണ് ഞാന്‍ കരുതുന്നത്.