കര്‍ണാടകയില്‍ 3 കോണ്‍ഗ്രസ് എം.എല്‍.എമാരെക്കുറിച്ച് വിവരമില്ല

#

ബംഗളുരു (16-05-18) : മന്ത്രിസഭ രൂപീകരിക്കാന്‍ വേണ്ടി മറുപക്ഷത്തുനിന്ന് എം.എല്‍.എമാരെ അടര്‍ത്തി മാറ്റാന്‍ ബി.ജെ.പിയും സ്വന്തം എം.എല്‍.എമാരെ തങ്ങളുടെ പക്ഷത്ത്  ഉറപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ്-ജനതാദള്‍(എസ്) പാര്‍ട്ടികളും തീവ്രശ്രമം നടത്തുന്ന കര്‍ണാടകയില്‍ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ഇന്ന് രാവിലെ കൂടേണ്ടിയിരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഇതുവരെയും തുടങ്ങിയിട്ടില്ല. 3 കോണ്‍ഗ്രസ് എം.എല്‍.എമാരെ ബന്ധപ്പെടാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. രാജശേഖര  പാട്ടീല്‍, നരേന്ദ്ര, ആനന്ദ്‌സിംഗ് എന്നീ എം.എല്‍.എമാരെ ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.

തനിക്ക് ബി.ജെ.പി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തെന്ന് ഒരു കോണ്‍ഗ്രസ് എം.എല്‍.എ അവകാശപ്പെട്ടു. അമരഗൗഡ ലിംഗനഗൗഡ എന്ന എം.എല്‍.എയെയാണ് തന്നെ ബി.ജെ.പി നേതൃത്വം ബന്ധപ്പെട്ടു എന്ന് വെളിപ്പെടുത്തിയത്. തനിക്ക് ബി.ജെ.പിയുടെ മന്ത്രിസ്ഥാനം ആവശ്യമില്ലെന്നും തന്റെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയാണെന്നും അമരഗൗഡ ലിംഗനഗൗഡ പറഞ്ഞു. തങ്ങളുടെ പക്ഷത്തെ 5-6 എം.എല്‍.എമാരെയെങ്കിലും ബി.ജെ.പി നേതൃത്വം ബന്ധപ്പെട്ടതായി ജനതാദള്‍(എസ്) എം.എല്‍.എ സര്‍വണ്ണ പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാരെ പഞ്ചാബിലെ ഒരു റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.