മന്ത്രിസഭയും ഒപ്പം ഭൂരിപക്ഷവുമുണ്ടാക്കാന്‍ ബി.ജെ.പി നീക്കം

#

ബംഗളുരു (16-05-18) : ബി.ജെ.പി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി.എസ്.യെദിയൂരപ്പ ഗവര്‍ണര്‍ വജൂഭായി വാലയെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. അല്പം മുമ്പ് രാജ്ഭവനിലെത്തിയ യെദിയൂരപ്പ എത്രയും വേഗം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വസരം നൽകണമെന്ന് ഗവര്‍ണറോട് അഭ്യർത്ഥിച്ചു. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് യെദിയൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ബി.ജ.പി.യെ ക്ഷണിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതായാണ് സൂചന. മന്ത്രിസഭ രൂപീകരിക്കാന്‍ അവസരം ലഭിച്ചാല്‍ ഭൂരിപക്ഷം നേടുക പ്രയാസമാവില്ലെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. കൂറുമാറ്റ നിരോധനനിയമം അനുസരിച്ച് എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ച് വോട്ടു ചെയ്യുന്നതും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതും അംഗത്വം നഷ്ടപ്പെടാന്‍ കാരണമാകും.

വലിയ ഓഫറുകള്‍ നല്‍കി കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ രാജിവെയ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജി വയ്ക്കുന്ന സീറ്റുകളില്‍ മത്സരിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം നല്‍കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ തന്ത്രത്തില്‍ വിജയിക്കുന്നതിനെ ആശ്രയിച്ചാണ് ബി.ജെ.പിയുടെ മന്ത്രിസഭാ രൂപീകരണ സാധ്യതകള്‍.