ജെ.ഡി(എസ്) എം.എല്‍.എമാരെ കേരളത്തിലെത്തിക്കാന്‍ നീക്കം

#

ബംഗളുരു (16-05-18) : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ കേരളത്തിലെ ജനതാദള്‍(എസ്) നേതൃത്വം ഉത്കണ്ഠയോടെയാണ് നോക്കിയിരുന്നത്. ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ബി.ജെ.പിയുമായി ധാരണയുണ്ടാക്കാന്‍ ദേവഗൗഡയും കുമാരസ്വാമിയും തയ്യാറാകുമോ എന്ന ഭയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ ജനതാദള്‍(എസ്) സംസ്ഥാന നേതാക്കള്‍ക്കുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ജനതാദള്‍(എസ്)ന്റെ ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിച്ച് പ്രത്യക പാര്‍ട്ടിയായി മാറണം എന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു സംസ്ഥാനത്തെ നേതാക്കള്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെയുണ്ടായ നാടകീയ മാറ്റങ്ങളില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ അതീവ സന്തുഷ്ടരാണ്.

ജനതാദള്‍(എസ്) എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കം ബി.ജെ.പി ശക്തിപ്പെടുത്തിയതോടെ എം.എല്‍.എമാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനൊരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. ജെ.ഡി.(എസ്) എം.എല്‍.എമാരെ കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ പൂര്‍ണ്ണ സുരക്ഷിതത്വമുണ്ടാകുമെന്ന് ജനതാദള്‍(എസ്) സംസ്ഥാന നേതാക്കള്‍ കർണാടകയിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. കേരളത്തിലാണെങ്കിൽ, എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പിക്ക് അവസരം നല്‍കാത്ത തരത്തില്‍ പോലീസ് ഇന്റെലിജന്‍സ് സംവിധാനങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ജെ.ഡി.(എസ്) സംസ്ഥാന നേതൃത്വം കരുതുന്നു. ജനതാദള്‍(എസ്) എം.എല്‍.എമാരെ സുരക്ഷിതമായി താമസിപ്പിക്കാന്‍ പറ്റിയ റിസോര്‍ട്ടുകള്‍ പരിശോധിച്ചു വരികയാണ്. കോണ്‍ഗ്രസ് എം.എല്‍.എമാരെ, പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതിനു പിന്നാലെയാണ്  ജനതാദള്‍(എസ്)ന് ഭരണ പങ്കാളിത്തമുള്ള കേരളത്തിലേക്ക് ആ പാര്‍ട്ടിയുടെ എം.എല്‍.എമാരെ മാറ്റാന്‍ ആലോചിക്കുന്നത്.