ബി.ജെ.പി ശതകോടികള്‍ ഒഴുക്കുന്നു : കുമാരസ്വാമി

#

ബംഗളുരു (16-05-18) : കര്‍ണാടകയില്‍ ബി.ജെ.പി, ജനതാദള്‍(എസ്)ന്റെ എം.എല്‍.എമാര്‍ക്ക് 100 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന് ജനതാദള്‍(എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി. തന്റെ പാര്‍ട്ടിയിലെ താന്‍ ഒഴികെയുള്ള 32 എം.എല്‍.എമാരെയും ഈ വാഗ്ദാനവുമായി ബി.ജെ.പി സമീപിച്ചെന്നും ഒരാള്‍ പോലും ബി.ജെ.പിയുടെ വാഗ്ദാനം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും കുമാരസ്വാമി ബംഗളുരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ ബി.ജെ.പി നേതാക്കളെ കണ്ടെന്ന ആരോപണം കുമാരസ്വാമി നിഷേധിച്ചു.

2008 ല്‍ കോണ്‍ഗ്രസിന്റെയും ജനതാദള്‍(എസ്)ന്റെയും എം.എല്‍.എമാരെയും അടര്‍ത്തിയെടുക്കാന്‍ വേണ്ടി ബി.ജെ.പി, നൂറുകണക്കിന് കോടി രൂപ ഒഴുക്കിയ ഓപ്പേറഷന്‍ ലോട്ടസിനെക്കുറിച്ച് മറക്കരുതെന്ന് കുമാരസ്വാമി പറഞ്ഞു. മുമ്പ് തന്റെ പിതാവ് ദേവഗൗഡയുടെ ആഗ്രഹത്തിന് വിരുദ്ധമായി ബി.ജെ.പിയമുയി അധികാരം പങ്കിട്ടതുവഴി തനിക്കുണ്ടായ അവമതിപ്പിന് പരിഹാരം കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായി കുമാരസ്വാമി പറഞ്ഞു.