ശാഖയില്‍ പരിശീലിപ്പിക്കപ്പെട്ട കറ തീര്‍ന്ന ആര്‍.എസ്.എസ്സുകാരന്‍

#

(16-05-18) : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടാതെ വരികയും ബി.ജെ.പിയും കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജനതാദള്‍ എസ്സും മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തതോടെ സംസ്ഥാന ഗവര്‍ണര്‍ വജൂഭായി വാല ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കര്‍ണാടകയില്‍ തങ്ങളുടെ ഭരണം സ്ഥാപിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ വിജയിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളയാളാണ് വജൂഭായി വാല. ഭരണഘടനാവകുപ്പുകളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് ഉചിതമായ തീരുമാനമെടുക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രതന്ത്രജ്ഞന്റെ നടപടികള്‍ ഇപ്പോഴത്തെ കര്‍ണാടക ഗവര്‍ണറില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല.

ആര്‍.എസ്.എസ് ശാഖകളില്‍ പരിശീലിപ്പിക്കപ്പെട്ട കറ തീര്‍ന്ന സംഘപ്രചാരകനാണ് വജൂഭായി വാല. ബി.ജെ.പിയുടെ പൂര്‍വ്വരൂപമായ ജനസംഘത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് 11 മാസം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും നേതൃത്വങ്ങള്‍ നല്‍കുന്ന ഉത്തരവുകള്‍ അക്ഷരംപ്രതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധനാണ് വജൂഭായി വാല.

ഗുജറാത്ത് മന്ത്രിസഭയില്‍ റവന്യൂ, ധനകാര്യവകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള വാല, ഗുജറാത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അഴിമതിക്കാരായ മന്ത്രിമാരില്‍ ഒരാളായാണ് അറിയപ്പെട്ടിരുന്നത്. 18 തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്. 2001 ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനുവേണ്ടി രാജ്‌കോട്ട് 2 മണ്ഡലം ഒഴിഞ്ഞുകൊടുത്ത് മോദിയോടുള്ള വിധേയത്വം തെളിയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തോളം ഗുജറാത്ത് നിയമസഭാ സ്പീക്കറായിരുന്നു.

കര്‍ണാടകയെ പോലെ, ബി.ജെ.പി വിരുദ്ധ ശക്തികള്‍ക്ക് മേധാവിത്വമുള്ള ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറായി പൂര്‍ണ്ണ വിധേയത്വമുള്ള ഒരാളെ മോദി ഗവര്‍ണറാക്കിയത് വെറുതേയല്ല. ഭരണഘടനയും ഫെഡറൽ സവിധാനവുമൊന്നും സംരക്ഷിക്കാൻ വേണ്ടിയല്ല മോദി തന്നെ ഗവർണർ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നതെന്ന് വജുഭായി വാലയ്ക്ക് നന്നായി അറിയാം. തന്റെ വിധേയത്വവും വിശ്വസ്തതയും തെളിയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ വാലയ്ക്ക് കൈവന്നിരിക്കുന്നത്. വിശ്വസ്തതയും വിധേയത്വവും തെളിയിക്കാനുള്ള വാലയുടെ വ്യഗ്രതയിൽ നമ്മുടെ ഭരണഘടനയുടെ സുപ്രധാനമായ ഏതൊക്കെ വ്യവസ്ഥകൾ അട്ടിമറിക്കപ്പെടുമെന്ന് മാത്രമേ അറിയേണ്ടതുള്ളു.