പരിഗണിക്കാം..! കുമാരസ്വാമിയോട് ഗവർണർ

#

ബംഗളൂരു(16-05-2018): സർക്കാർ രൂപവൽക്കരിക്കാൻ അവകാശവാദം ഉന്നയിച്ചു കൊണ്ട് 117 എം.എൽ.എ മാരുടെ പട്ടിക ഗവർണർക്കു കൈമാറിയതായി ജെ.ഡി(എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി അറിയിച്ചു. തങ്ങളുടെ ആവശ്യം നിയമാനുസൃതമായി പരിഗണിക്കാമെന്ന ഉറപ്പ് ഗവർണറിൽ നിന്നും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. കർണാടക രാജ്ഭവനിൽ ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുമാരസ്വാമി. ഓപ്പറേഷൻ താമരയ്‌ക്കെതിരെ കോൺഗ്രസ്സും ജെ.ഡി.(എസ്)ഉം ഒരുമിച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള എം.എൽ.എ മാരുടെ പ്രതിനിധി സംഘമാണ് കർണാടക ഗവർണർ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് നേതാക്കളും ഗവർണറെ കണ്ടിരുന്നു.

ഭരണഘടനയ്ക്ക് അനുസൃതമായി തീരുമാനമെടുക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറും പറഞ്ഞു. ഗവർണറെ വിശ്വാസമാണെന്നും അദ്ദേഹം നീതികേടു പ്രവർത്തിക്കില്ല എന്നുമാണ് കരുതുന്നതെന്നും ശിവകുമാർ പറഞ്ഞു.

നിലവിൽ സർക്കാർ രൂപീകരിക്കാനുള്ള അംഗബലം തങ്ങൾക്കുണ്ടെന്നും ഒരാൾ പോലും നിലപാട് മാറ്റുകയില്ലെന്നും മാത്രമേ സംഭവങ്ങൾ നടക്കാൻ അനുവദിക്കുകയില്ലെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ടും വ്യക്തമാക്കി.