ഫോൺ ചോർത്തൽ ആരോപണവുമായി ബി.ജെ.പി

#

ബംഗളൂരു(16-05-2018): തങ്ങളുടെ എം.എൽ.എമാരെ സ്വാധീനിക്കാൻ ബി.ജെ.പി 100 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം കത്തിപ്പടരുന്നതിനിടെ പ്രതിരോധവുമായി ബി.ജെ.പി. കോൺഗ്രസ് സർക്കാർ ബി.ജെ.പി നേതാക്കളുടെ ഫോൺ ചോർത്തുകയാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭ കരന്തലജെ രംഗത്തെത്തി.

ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി എഴുതി നൽകിയതായും അവർ പറഞ്ഞു. ശോഭ കരന്തലജെ, ജി.എം സിദ്ധേശ്വരയ്യ, പി.സി മോഹൻ എന്നിവരാണ് രാജ്‌നാഥ് സിങ്ങിന് പരാതി നൽകിയവർ.

കർണാടക സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നും തങ്ങളുടെ ഫോൺ കോളുകൾ ചോർത്തുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. മൗലികാവകാശങ്ങളുടെയും സൗകര്യതയുടെയും നഗ്നമായ ലംഘനമാണ് കോൺഗ്രസ് സർക്കാർ നടത്തുന്നതെന്നും പരാതിയിൽ എടുത്തു പറയുന്നു.