കര്‍ണാടക വിധാന്‍സഭയ്ക്ക് മുന്നില്‍ വന്‍ പ്രതിഷേധം

#

ബംഗളുരു (17-05-18) : ബി.ജെ.പി നേതാവ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കര്‍ണാടക വിധാന്‍സഭയ്ക്കു മുന്നില്‍ കോണ്‍ഗ്രസ്-ജനതാദള്‍(എസ്) പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസിന്റെയും ജെ.ഡി.(എസ്)ന്റെയും എല്ലാ എം.എല്‍.എമാരും വിധാന്‍സഭയുടെ മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് രണ്ടു പാര്‍ട്ടികളുടെയും നേതാക്കള്‍ അറിയിച്ചു. എം.എല്‍.എമാര്‍ വിധാന്‍സഭയ്ക്കു മുന്നില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രരുള്‍പ്പെടെയുള്ള 117 എം.എല്‍.എമാരില്‍ ഒരാള്‍ പോലും തങ്ങളുടെ കൂട്ടത്തില്‍ നിന്ന് വിട്ടുപോയിട്ടില്ലെന്ന് കോണ്‍ഗ്രസ്, ജെ.ഡി.(എസ്) നേതാക്കള്‍ വ്യക്തമാക്കി.

ബി.ജെ.പിക്ക് എതിരായ എല്ലാ പ്രതിപക്ഷപ്പാര്‍ട്ടികളുടെയും വിശാലമായ ഐക്യനിര പടുത്തുയര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് കരുത്തു പകരാന്‍ കര്‍ണാടകയിലെ പ്രതിഷേധത്തിന് കഴിയുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. വിധാന്‍സഭയുടെ മുന്നിലെ ഗാന്ധിപ്രതിമയ്ക്കു സമീപം നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന എം.എല്‍.എമാരെ പിന്തുണയ്ക്കാന്‍ പ്രവര്‍ത്തകര്‍ വിധാന്‍സഭയുടെ മുന്നിലേക്ക് പ്രവഹിക്കുകയാണ്. കയ്യില്‍ കറുത്ത റിബണ്‍ ധരിച്ചുകൊണ്ടാണ് എം.എല്‍.എമാരും നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.