ഒരടി പിന്നോട്ട് മാറി വീണ്ടും മുന്നിലേക്ക് രാഹുല്‍

#

ന്യൂഡല്‍ഹി (17-05-18) : കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം രാഹുല്‍ഗാന്ധിയെ ആരും എങ്ങും കണ്ടില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം ജനതാദള്‍(എസ്) നേതൃത്വവുമായി ബന്ധപ്പെടുകയുണ്ടായി. തൂക്കുസഭയാണുണ്ടാകുന്നതെങ്കില്‍ ജനതാദളുമായി സഖ്യമുണ്ടാക്കി അധികാരം പിടിക്കണമെന്ന് തീരുമാനിച്ച കോണ്‍ഗ്രസിന് തുടക്കത്തില്‍ തന്നെ, ജെ.ഡി.(എസ്)ന് മുഖ്യമന്ത്രിസ്ഥാനം നല്‍കിക്കൊണ്ടല്ലാതെ സഖ്യം സാധ്യമല്ലെന്ന് വ്യക്തമായിരുന്നു. അക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടാക്കിയിരുന്നു. കര്‍ണാടകത്തിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഗുലാംനബി ആസാദിനെയും അശോക് ഗോഹ്‌ലോട്ടിനെയും നിയോഗിച്ചത് ജെ.ഡി.എസ്സിനെ എങ്ങനെയും അനുനയിപ്പിക്കണമെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു.

ജനതാദള്‍ എസ്സും കോണ്‍ഗ്രസ്സും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കാനുള്ള പ്രധാന തടസ്സം തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തില്‍ രണ്ടു പാര്‍ട്ടികളും പരസ്പരം നടത്തിയ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ സൃഷ്ടിച്ച വിദ്വേഷവും വിരോധവുമായിരുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് ജെ.ഡി.എസ്സിനെതിരേ രൂക്ഷമായ ആക്രമണം നടത്തിയത് സിദ്ധരാമയ്യയും ദേശീയ നേതാക്കളില്‍ രാഹുല്‍ ഗാന്ധിയുമായിരുന്നു. ജനതാദളില്‍ നിന്ന് വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ സിദ്ധരാമയ്യയോട് ജനതാദള്‍ നേതാക്കള്‍ക്ക് പ്രത്യേക വിരോധമാണുണ്ടായിരുന്നത്. ആദ്യചര്‍ച്ചകളില്‍ നിന്ന് രാഹുല്‍ഗാന്ധിയും സിദ്ധരാമയ്യയും വിട്ടുനില്‍ക്കുന്നത് രണ്ടു പാര്‍ട്ടികളും തമ്മിലുള്ള വിടവ് ഇല്ലാതാക്കാന്‍ ആവശ്യമാണെന്ന ധാരണയിലാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നയുടന്‍ രാഹുല്‍ഗാന്ധി ചിത്രത്തില്‍ നിന്ന് മാറി നിന്നത്.

ജനതാദള്‍ സെക്യുലറുമായുള്ള സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് സോണിയഗാന്ധി തന്നെ നേതൃത്വം നല്‍കി. കര്‍ണാടകത്തിലെ പ്രാദേശിക നേതാവായിരുന്ന തന്നെ പ്രധാനമന്ത്രി പദത്തിലേക്കുയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സോണിയാഗാന്ധിയും വഹിച്ച പങ്കിനെ നന്ദിയോടെ ഓര്‍ക്കുന്ന ദേവഗൗഡയുമായാണ് സോണിയ സംസാരിച്ചത്. സോണിയഗാന്ധിയും ദേവഗൗഡയും തമ്മിലുള്ള ചര്‍ച്ചയില്‍ മഞ്ഞുരുകിത്തുടങ്ങിയതോടെ ഗുലാംനബി ആസാദിനും കൂട്ടര്‍ക്കും തങ്ങളുടെ ജോലി എളുപ്പമായി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ധാരണയ്ക്ക് സിദ്ധരമായ്യ പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു.

തുടക്കത്തില്‍ ജനതാദള്‍ എസ്സുമായുള്ള ചര്‍ച്ചകളില്‍ നിന്ന് മാറി നിന്ന രാഹുല്‍ഗാന്ധിയെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അപ്പോഴപ്പോള്‍ തന്നെ ഗുലാംനബി ആസാദും അശോക് ഗെഹ്‌ലോട്ടും അറിയിക്കുന്നുണ്ടായിരുന്നു. യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധി ഏറ്റെടുത്തു. യെദിയൂരപ്പ മന്ത്രിസഭയ്‌ക്കെതിരായ പ്രതിഷേധം കര്‍ണാടകത്തില്‍ വലിയ ഒരു പ്രക്ഷോഭമായി വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്. കോണ്‍ഗ്രസ് - ജനതാദള്‍ (എസ്) എം.എല്‍.എമാരെ ബി.ജെ.പി അടര്‍ത്തിയെടുക്കുകയാണെങ്കില്‍ തുടര്‍ന്നുണ്ടാകുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് വലിയ ഒരു ജനകീയ പ്രക്ഷോഭത്തിലൂടെ കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സഖ്യം ഊട്ടിയുറപ്പിക്കാനാണ് ശ്രമം. നാളെ സുപ്രീംകോടതി വിധി വന്നതിനുശേഷം രാഹുല്‍ കര്‍ണാടകയിലേക്ക് പോകും. ഇനിയുള്ള കൂടിയാലോചനകളുടെയും പ്രതിഷേധ പരിപാടികളുടെയും നേതൃത്വം രാഹുല്‍ഗാന്ധിക്കായിരിക്കും.