എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പി തകർക്കുന്നു : രാഹുൽ

#

ന്യൂഡൽഹി (19.05.2018 ) : രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പി തകർക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റിനെയും നിയമസഭകളെയും സുപ്രീം കോടതിയെയും എല്ലാം തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. കർണാടകത്തിൽ കോൺഗ്രസിന്റെയും ജനതാദൾ (എസ്) ന്റെയും എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാൻ പ്രധാനമന്ത്രി സ്വന്തം നേതാക്കളെ ചുമതലപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. യെദിയൂരപ്പ കർണാടക മുഖ്യമന്ത്രിസ്ഥാനം രാജി വച്ചതിന് പിന്നാലെ ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ. ആർ.എസ്.എസ് ഒഴികെ മറ്റൊരു സ്ഥാപനത്തെയും ബഹുമാനിക്കാൻ നരേന്ദ്ര മോദിക്ക് അറിയില്ല.

ഒരു ജനാധിപത്യ രാജ്യത്തിനു അനുയോജ്യനായ നേതാവല്ല പ്രധാനമന്ത്രി മോദിയെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെക്കാൾ വലുതല്ല പ്രധാനമന്ത്രി. ബി.ജെ.പിയെയും ആർ.എസ്.എസിനെയും പാഠം പഠിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു എന്ന് രാഹുൽ അവകാശപ്പെട്ടു. ഗവർണർ രാജി വയ്ക്കുക എന്നത് ഒരു പരിഹാരമല്ല എന്നും അടിസ്ഥാനപരമായി ജനാധിപത്യ സംവിധാനങ്ങളെ മാനിക്കാൻ ഭരണകക്ഷി തയ്യാറാകുകയാണ് വേണ്ടതെന്നും, ഗവർണറുടെ രാജി കോൺഗ്രസ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ഉത്തരമായി കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു.