ദേശീയഗാനത്തെ അവഹേളിച്ച് ബി.ജെ.പി എം.എൽ.എമാർ

#

ബംഗളൂരു(19-05-2018): വിശ്വാസ വോട്ടെടുപ്പിന് മുൻപ് തന്നെ രാജി സമർപ്പിച്ച ശേഷം ദേശീയ ഗാനം ആലപിക്കുന്നതിനിടെ യെദ്യുരപ്പയടക്കമുള്ള ബി.ജെ.പി എം.എൽ.എ മാർ സഭയിൽ നിന്നും ഇറങ്ങി പോയത് വിവാദമാകുന്നു. 20 മിനിട്ടോളം നീണ്ട രാജി പ്രഖ്യാപന പ്രസംഗത്തിന് ശേഷം യെദ്യൂരപ്പയും മറ്റു എം.എൽ.എ മാരും സഭയിൽ നിന്നും ഇറങ്ങി പുറത്തേക്കു പോകാനൊരുങ്ങി. ഇതിനിടയിലാണ് ദേശീയ ഗാനം മുഴങ്ങിയത്. എന്നാൽ ഇത് ഗൗനിക്കാതെ യെദ്യുരപ്പയും മറ്റു ബി.ജെ.പി അംഗങ്ങളും പുറത്തേക്കു തന്നെ പോകുകയായിരുന്നു.

ബി.ജെ.പി എം.എൽ.എ മാരുടെ ഈ നടപടിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ബി.ജെ.പി അംഗങ്ങളുടെ നടപടി നിങ്ങൾ ശ്രദ്ധിച്ചോ എന്ന് മാധ്യമങ്ങളോട് ആരാഞ്ഞു കൊണ്ട് സംസാരിച്ചു തുടങ്ങിയ രാഹുൽ ഇതാണ് ബി.ജെ.പിയും ആർ.എസ്.എസും ഇതാണ് രാജ്യത്തോട് ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ടു. കർണാടകയിലെ ജനങ്ങളെ ബി.ജെ.പി അവഹേളിച്ചെന്നും രാഹുൽ പറഞ്ഞു.

അധികാരവും പണവും കൊണ്ട് രാജ്യത്തെ ജനങ്ങളുടെ ആഗ്രഹങ്ങളെ വിലക്കെടുക്കാനാകില്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനങ്ങളെക്കാളും ഭരണഘടനയെക്കാളും വലുതല്ല പ്രധാനമന്ത്രി എന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്തെ ജനങ്ങളെ നയിക്കാനും അവരെ ബഹുമാനിക്കാനുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.