കർണാടകയിലേത് ജനാധിപത്യത്തിൻറ്റെ വിജയം: രജനികാന്ത്

#

ചെന്നൈ(20-05-2018): കർണാടകയിൽ കഴിഞ്ഞ ഒരാഴ്ചത്തെ സംഭവ വികാസങ്ങൾക്കു ശേഷം അന്തിമ വിജയം ജനാധിപത്യത്തിനായിരുന്നുവെന്നു തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത്. സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി അവകാശം ഉന്നയിച്ചതും ഭൂരിപക്ഷം തെളിയിക്കാൻ സാവകാശം ആവശ്യപ്പെട്ടതും ഗവർണർ കീഴ്വഴക്കങ്ങൾ മറികടന്നു 15 ദിവസം അനുവദിച്ചതുമെല്ലാം ജനാധിപത്യത്തിന്റെ അവഹേളനങ്ങളായിരുന്നുവെന്നും അദ്ദേഹം ചെന്നൈയിൽ മധ്യപ്രവർത്തകരോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു.

വിഷയത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കുന്ന വിധിപ്രസ്താവം നടത്തിയ പരമോന്നത നീതിപീഠത്തോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിൽ രജനികാന്ത് ബി.ജെ.പിയുമായി കൈകോർക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് രജനി കാന്ത് പരസ്യമായി ബി.ജെ.പിയെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

2019 ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്നത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം തീരുമാനിക്കുമെന്നും താരം പറഞ്ഞു. തന്റെ പാർട്ടിയ്ക്ക് ഇതുവരെ അന്തിമ രുപം നൽകിയിട്ടില്ല. പക്ഷെ എന്ത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായുള്ള സഖ്യരൂപീകരണത്തെക്കുറിച്ച് ഇപ്പോൾ പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.