കോണ്‍ഗ്രസ് നേതൃത്വം ഉടച്ചു വാര്‍ക്കുന്നു

#

ന്യഡല്‍ഹി (21-05-18)  : കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ജനതാദള്‍ എസ്സുമായി സഖ്യം രൂപീകരിക്കുകയും ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പരാജയപ്പെടുത്തി മന്ത്രിസഭയുണ്ടാക്കാന്‍ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വം അങ്ങേയറ്റത്തെ ആത്മവിശ്വാസത്തിലാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഈ വര്‍ഷം മധ്യപ്രദേശ്, രാജസ്ഥാന്‍, ചട്ടീസ്ഗഢ് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനും വേണ്ടി പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ശ്രമങ്ങളിലാണ് കോൺഗ്രസ്. വിശാലമായ മതേതരസഖ്യം രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം പാര്‍ട്ടിയെ സംഘടനാപരമായി ഉടച്ചുവാർക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച കൂടിയാലോചനകള്‍ പല തലങ്ങളില്‍ നടക്കുന്നു.

പരിചയസമ്പന്നരായ നേതാക്കളെയും പുതിയ തലമുറയില്‍ കഴിവു തെളിയിച്ചവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള അഴിച്ചുപണിയായിരിക്കും ഉണ്ടാകുക. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളവരും ജനങ്ങളെ വലിയതോതില്‍ ആകര്‍ഷിക്കാന്‍ കഴിയുന്നവരുമായ നേതാക്കള്‍, പ്രതിസന്ധികളില്‍ സമര്‍ത്ഥമായി പാര്‍ട്ടിക്ക് നേതൃത്വം നല്‍കാനുള്ള ശേഷിയും കഴിവുമുള്ളവര്‍, മറ്റു പാര്‍ട്ടികളുമായി നല്ല ബന്ധമുള്ളവരും അവയെ ആകര്‍ഷിക്കാന്‍ കഴിവുള്ളവരുമായ നേതാക്കള്‍ എന്നിങ്ങനെ പരിചയ സമ്പന്നരായ നേതാക്കളോടൊപ്പം പുതിയ തലമുറയില്‍ നിന്ന് കഴിവ് തെളിയിച്ച് ഉയര്‍ന്നു വന്നവരെക്കൂടി ഉള്‍പ്പെടുത്തി നേതൃനിര രൂപപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് രാഹുല്‍ഗാന്ധി. കാര്യമായ സംഭാവനയൊന്നും ചെയ്യാന്‍ കഴിയാതെ നേതൃത്വത്തില്‍ തുടരുന്നവര്‍ നേതൃസമിതികളില്‍ നിന്ന് പുറത്തുപോകേണ്ടി വരും.

പാര്‍ട്ടിയുടെ വക്താക്കള്‍ എന്ന നിലയിലും നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നൽകിയവർ എന്ന നിലയിലും  കഴിവ് തെളിയിച്ച കപില്‍സിബലിനും മനു അഭിഷേക് സിംഗ്‌വിക്കും നേതൃത്വത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കണമെന്നാണ് രാഹുല്‍ഗാന്ധിയുടെ താല്പര്യം. കഴിഞ്ഞ കുറേക്കാലമായി കോണ്‍ഗ്രിസന്റെ മുഖ്യ ട്രബിള്‍ഷൂട്ടര്‍ ആയി അറിയപ്പെടുന്ന ഗുലാംനബി ആസാദിന് നേതൃത്വത്തില്‍ പ്രധാനസ്ഥാനം തുടര്‍ന്നുമുണ്ടാകും. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ പ്രമുഖ നേതാക്കളായ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും ഹൈക്കമാന്‍ഡിന്റെ ഭാഗമായുണ്ടാകണമെന്ന് രാഹുലിനുണ്ട്. ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ നേതാക്കളില്‍ ജ്യോതിരാദിത്യ സിന്ധ്യയോടാണ് രാഹുലിന് കൂടുതല്‍ താല്പര്യം. 6 മാസത്തെ പദയാത്രയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്‍ മുഖ്യമന്ത്രി ദ്വിഗ്വിജയ്‌സിംഗിനെയും ജ്യോതിരാദിത്യസിന്ധ്യയെ സംസ്ഥാന മുഖ്യമന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുള്ള കമല്‍നാഥിനെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. ജ്യോതിരാദിത്യസിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ ദിഗ്വിജയ് സിംഗിനെയും കമല്‍നാഥിനെയും സംസ്ഥാനത്ത് നിറുത്താനാകില്ല എന്ന പ്രശ്‌നവുമുണ്ട്.

കേന്ദ്രനേതൃത്വത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നവരെയല്ലാതെ ആരെയും അക്കോമഡേറ്റ് ചെയ്യാനുള്ള ഇടമായി വര്‍ക്കിംഗ് കമ്മിറ്റിയെയോ ഭാരവാഹി സ്ഥാനങ്ങളെയോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്  രാഹുലിന്റെ നിലപാട്. മുന്‍ കാലങ്ങളില്‍ കേന്ദ്രനേതൃത്വത്തില്‍ കഴിവ് തെളിയിച്ചവരാണെങ്കിലും പുതിയ സാഹചര്യങ്ങളില്‍ ദിഗ്വിജയ്‌സിംഗും കമല്‍നാഥും എത്രത്തോളം ഉപയോഗപ്പെടുമെന്ന കാര്യത്തില്‍ രാഹുലിന് സംശയമുണ്ട്. എ.കെ.ആന്റണി, മോട്ടിലാല്‍ വോറ, അംബികാസോണി തുടങ്ങി സീനിയോറിട്ടിയുടെ പേരില്‍ മാത്രം നേതൃത്വത്തില്‍ തുടരുന്നവരെക്കൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് അറിയാമെങ്കിലും  അവരെ എന്തു ചെയ്യുമെന്ന പ്രശ്‌നവും രാഹുലിനെ അലട്ടുന്നുണ്ട്. അഹമ്മദ് പാട്ടീലിനോടും രാഹുലിന് താല്പര്യമില്ലെങ്കിലും സോണിയയുടെ വിശ്വസ്തര്‍ എന്ന നിലയില്‍ ഒഴിവാക്കാന്‍ കഴിയില്ല. കർണാടകത്തിൽ പാർട്ടിക്ക് സമർത്ഥമായ നേതൃത്വം നൽകിയ സിദ്ധാരാമയ്യയെ കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുവരാനും രാഹുൽ ഉദ്ദേശിക്കുന്നു.

അഴിച്ചുപണി നടത്തുമ്പോള്‍ പ്രവര്‍ത്തക സമിതിയിലേക്ക് കൊണ്ടുവരാന്‍ പറ്റിയ ഒരു നേതാവ് കേരളത്തില്‍ നിന്നില്ല. പ്രവര്‍ത്തക സമിതിയില്‍ കയറിപ്പറ്റാന്‍ തീവ്രശ്രമം നടത്തുന്ന പി.സി.ചാക്കോയോട് രാഹുല്‍ഗാന്ധിക്ക് താല്പര്യമില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ ചുമതലകളുണ്ടായിരുന്ന കെ.സി.വേണുഗോപാല്‍, യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും കാര്യമായി ചെയ്യാന്‍ കഴിഞ്ഞയാളല്ല. കേരളത്തിന്റെ പ്രാതിനിധ്യം എന്ന നിലയിൽ കൂടി എ.കെ.ആന്റണി തുടരാനും സാധ്യതെയുണ്ട്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍(എസ്) മന്ത്രിസഭ വിശ്വാസവോട്ട് ജയിച്ചു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേതൃത്വം പുനഃസംഘടനയിലേക്ക് കടക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ചട്ടീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുക പുതിയ നേതൃത്വമായിരിക്കും.