എൻ.എസ്.മാധവൻ ഉംബർട്ടോ ഇക്കോയെ വായിച്ചിട്ടെന്തു കാര്യം ?

#

(21-05-18) : കുറേ മാസങ്ങള്‍ക്ക് മുമ്പ് ഉംബെര്‍ട്ടോ ഇക്കോയുടെ, ഫാസിസത്തെക്കുറിച്ചുള്ള ലക്ഷണശാസ്ത്രം ഉദ്ധരിച്ച് ഫാസിസ്റ്റ്‌വിരുദ്ധ പ്രചാരകനായി കേരളത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ട എന്‍.എസ്.മാധവന്‍, കര്‍ണാടകത്തില്‍ ഫാസിസം പരാജയപ്പെട്ടപ്പോള്‍ ജനാധിപത്യ സദാചാരം പറയുന്നു എന്നത് വിചിത്രമാണ്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും പരസ്പരവൈരം മറന്ന് ബി.ജെ.പിയെ നാണം കെടുത്തി പടിക്ക് പുറത്തുനിറുത്തിയപ്പോള്‍ അത് ഫാസിസത്തിന്റെ വളര്‍ച്ചയ്ക്ക് അടുത്തകാലത്തേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു. മതതീവ്രവാദികളെ ഭരണത്തില്‍ നിന്നുമകറ്റി നിറുത്തിയത് കൊണ്ട് ജനാധിപത്യം നേടിയ വിജയവും. പക്ഷേ എന്‍.എസ് മാധവന്‍ ചോദിക്കുന്നു "ഇതാണോ ആ ജനാധിപത്യം ?" ( മാതൃഭൂമി ദിനപത്രം മേയ് 21)

വ്യക്തമായി കോണ്‍ഗ്രസിനെയോ ജനതാദളിനെയോ കുറ്റം പറയുന്നില്ലെങ്കിലും മാധവൻ രാഷ്ട്രീയ സദാചാരം പറയാൻ കണ്ടെത്തിയ സമയം വിചിത്രമാണ്. കര്‍ണാടകത്തിലെ ബി.ജെ.പി പരാജയം ഫാസിസ്റ്റ് വിരുദ്ധര്‍ക്ക് ആവേശം പകരേണ്ട ഒന്നാണ്. ഒന്നിച്ചു നിന്നാല്‍ നാടിനെ ഇന്ത്യന്‍ ഭരണഘടനയെ, നമ്മുടെ മതനിരപേക്ഷതയെ രക്ഷിക്കാം എന്ന വിശ്വാസത്തിന് ബലം നല്‍കിയ അവസരം.

അടുത്തകാലത്ത് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ നേരിട്ട ഏറ്റവും ദയനീയമായ പരാജയത്തില്‍ ഇതുപോലെ വീര്യം കെട്ടുപോയത് കേരളത്തിലെ ചില മാര്‍ക്‌സിസ്റ്റുകള്‍ക്കാണ്. അവരും ചോദിച്ചു, " ഇതോ ജനാധിപത്യ സദാചാരം ?".

ബി.ജെ.പി കേരളത്തില്‍ വളരേണ്ടത് ആ പാർട്ടിയുടെ ചില രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആവശ്യമായിരിക്കാം. കാരണം ഏങ്കിലേ മുഖ്യശത്രുവായ കോണ്‍ഗ്രസിന് കോട്ടമുണ്ടാകൂ എന്നവര്‍ ധരിക്കുന്നു. കേരളത്തിലെ നാല് അതിരുകൾക്കപ്പുറം കാണാന്‍ അവര്‍ക്ക് കണ്ണില്ല. കാരണം ഇതും പോയാല്‍, കച്ചവടം പൂട്ടേണ്ടി വന്നേക്കും. അത്തരക്കാരുടെ ശബ്ദമാണ് മാധവനും.

ഇപ്പോള്‍ വേണ്ടത് ഡി.കെ.ശിവകുമാറിന്റെ ജീവചരിത്രം പരിശോധിക്കലല്ല. ആഹ്ലാദിക്കലാണ്. കാരണം ഇന്ത്യയുടെ രാഷ്ട്രീയഭാവിയുടെ മാറ്റം തുടങ്ങുന്നതിനുള്ള ഫോര്‍മുലയാണ് നാമിവിടെ കണ്ടത്.

ഇനി മാധവന്‍ പറഞ്ഞ മറ്റൊരു പോയിന്റ്. "വോട്ടര്‍ വിഭാവന ചെയ്ത ഭരണം ഒന്ന്, അവര്‍ തിരഞ്ഞെടുത്ത എം.എല്‍.എ എത്തുന്നത് മറ്റൊരിടത്ത്". ഇവിടെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത് ബി.ജെ.പി അധികാരത്തില്‍ വരാനാണോ? ജെ.ഡി.എസിന് വോട്ട് ചെയ്തത് ബി.ജെ.പി അധികാരത്തില്‍ വരാനാണോ?

ഇവിടെ ബി.ജെ.പിയുടെ ടയറിന്റെ കാറ്റഴിച്ച് വിട്ട കോണ്‍ഗ്രസാണ് ഹീറോ. അതിന്റെ മുന്നില്‍ നിന്ന ഡി.കെ.ശിവകുമാറാണ് ധൈര്യശാലി. ഉംബെര്‍ട്ടോ ഇക്കോയെ അയാള്‍ വായിച്ചു കാണാന്‍ വഴിയില്ല.