നിപ്പ ബാധിതരെ ചികിത്സിക്കാമെന്ന് കഫീല്‍ ഖാന്‍

#

(22-05-18) : നിപ്പ വൈറസ് ബാധമൂലമുണ്ടാകുന്ന മരണങ്ങളെക്കുറിച്ചും അതു സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളെക്കുറിച്ചും ഓര്‍ത്ത് തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍ കഫീല്‍ഖാന്‍. നിരപരാധികളായ രോഗികളെ ചികിത്സിക്കുന്നതിനുവേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവമനുഷ്ഠിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് കഫീല്‍ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കഫീല്‍ഖാന്‍ ഈ അഭ്യര്‍ത്ഥന നടത്തിയത്.

യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭ്യമാകാതെ നിരവധി കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിച്ചതിലൂടെ സമൂഹത്തിന്റെ മുഴുവന്‍ അംഗീകാരം നേടിയ വ്യക്തിയാണ് ഡോക്ടര്‍ കഫീല്‍ഖാന്‍. കൃത്യവിലോപം എന്ന വ്യാജ ആരോപണം ഉന്നയിച്ച് കഫീല്‍ഖാനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശിക്ഷണ നടപടി സ്വീകരിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. സിസ്റ്റർ ലിനി ഒരു പ്രചോദനമാണെന്നും പവിത്രമായ ഈ ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായി മരണമടയുന്നതു പോലും തനിക്ക് പ്രശ്‌നമല്ലെന്നും കഫീൽ ഖാൻ എഫ്.ബി പോസ്റ്റിൽ പറയുന്നു.

ഡോ.കഫീൽ ഖാന്റെ അഭ്യർത്ഥനയെ ഫെയ്സ്ബുക് പോസ്റ്റിലൂടെ  മുഖ്യമന്ത്രി പിണറായി വിജയൻ  സ്വാഗതം ചെയ്തു. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ടെന്നും അവരില്‍ ഒരാളായാണ് താന്‍ ഡോ. കഫീല്‍ഖാനെ കാണുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു. നിപ്പ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി ധാരാളംപേര്‍ രംഗത്തു വന്നിട്ടുണ്ട്. അവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ടെന്ന് അറിയിച്ച മുഖ്യമന്ത്രി അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിച്ചു.