പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കും

#

ന്യഡല്‍ഹി (22-05-18) : പെട്രോള്‍-ഡീസല്‍ വില അനിയന്ത്രിതമായി കുതിച്ചു കയറുന്ന പശ്ചാത്തലത്തില്‍ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്ന് എണ്ണക്കമ്പനി പ്രതിനിധികളെ കാണും. വൈകുന്നേരമാണ് എണ്ണക്കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം തുടര്‍ച്ചയായ 9-ാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിച്ചു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 84 രൂപ 70 പൈസയാണ്.

എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന ആവശ്യം ധനമന്ത്രാലയം നിരസിച്ചു. ഇന്ധനവില വര്‍ദ്ധനവ് മൂലം ജനങ്ങള്‍, പ്രത്യേകിച്ച് ഇടത്തരക്കാര്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് അംഗീകരിച്ച പെട്രോളിയം മന്ത്രി, ഇന്ധനവില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. വില കുറയ്ക്കുന്നതിന് എന്തു മാര്‍ഗ്ഗമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചിട്ടില്ല.