സിവില്‍ സര്‍വീസ് പരീക്ഷ മോദി അട്ടിമറിക്കുന്നു : രാഹുല്‍

#

(22-05-18) : സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം അട്ടിമറിച്ച് കേന്ദ്രസര്‍വ്വീസിലേക്ക് ആര്‍.എസ്.എസ്സിന് താല്പര്യമുള്ളവരെ തിരുകിക്കയറ്റാന്‍ മോദി ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. ഇതിനെതിരേ പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് രാഹുല്‍ ആവശ്യപ്പെട്ടു. സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായവര്‍ക്ക് കേഡറും പ്രവൃത്തിമേഖലയും അനുവദിച്ചു നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഒരു കത്ത് ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ഗാന്ധി, കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ മുന്നറിയിപ്പ് നല്‍കുന്നത്.

കേന്ദ്രസര്‍വ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനത്തിന്റെ ഭാഗമായുള്ള ഫൗണ്ടേഷന്‍ കോഴ്‌സ് തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ അവരുടെ കേഡറും സേവനമേഖലയും തീരുമാനിക്കുന്നതാണ് നിലവിലുള്ള രീതി. അതില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടുന്ന കത്താണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്നത്. 3 മാസം നീണ്ടുനില്‍ക്കുന്ന ഫൗണ്ടേഷന്‍ കോഴ്‌സ് പൂര്‍ത്തിയായതിനുശേഷം അതിന്റെ കൂടി അടിസ്ഥാനത്തില്‍ കേഡര്‍ അനുവദിക്കുന്നതിനെ കുറിച്ച് പരിഗണിക്കണമെന്നാണ് കത്തില്‍ പറയുന്നത്. നിലവില്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെയും ഇന്റെര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേഡര്‍ അനുവദിക്കുന്നതിന് ഫൗണ്ടേഷന്‍ കോഴ്‌സിലെ പ്രകടനം കൂടി മാനദണ്ഡമാക്കാനുള്ള നിര്‍ദ്ദേശം ആര്‍.എസ്.എസ്സിന്റെ താല്പര്യം നടപ്പാക്കാന്‍ വേണ്ടിയാണെന്നാണ് രാഹുല്‍ഗാന്ധിയുടെ ആരോപണം.