ജെ.എന്‍.യുവിന് ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്

#

ന്യൂഡല്‍ഹി (22-05-18) : ഇസ്ലാമിക ഭീകരവാദം എന്ന പേരില്‍ ഒരു കോഴ്‌സ് ആരംഭിക്കാനുള്ള തീരുമാനത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ന്യൂനപക്ഷകമ്മീഷന്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നോട്ടീസ് അയച്ചു. എന്തടിസ്ഥാനത്തിലാണ് ഇസ്ലാമിക ഭീകരത എന്ന പേരില്‍ കോഴ്‌സ് ആരംഭിക്കുന്നതെന്ന് വിശദീകരണം നല്‍കാന്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ സഫറുള്‍ ഇസ്ലാം ഖാന്‍ അറിയിച്ചു.

സെന്റെര്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ് ആരംഭിക്കാനും സെന്ററില്‍ ഇസ്ലാമിക ഭീകരവാദം എന്ന വിഷയത്തില്‍ ഒരു കോഴ്‌സ് തുടങ്ങാനും ജെ.എന്‍.യു അക്കാഡമിക് കൗണ്‍സില്‍ തീരുമാനിച്ചതിനെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. അക്കാഡമിക് കൗണ്‍സില്‍ യോഗത്തിന്റെ മിനുട്ട്‌സും പങ്കെടുത്ത അംഗങ്ങളുടെ വിവരവും നല്‍കാന്‍ കമ്മീഷന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 5 നകം മറുപടി നല്‍കനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.