തൂത്തുക്കുടി വെടിവെയ്പില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയില്ല

#

തൂത്തുക്കുടി (23-05-18) : തൂത്തുക്കുടിയില്‍ വേദാന്തകമ്പനിയുടെ ചെമ്പു സംസ്‌കരണശാല സൃഷ്ടിക്കുന്ന രൂക്ഷമായ പരിസ്ഥിതി നാശത്തിനും മലിനീകരണത്തിനും എതിരേ സമരം ചെയ്തവര്‍ക്കെതിരേ നടത്തിയ പോലീസ് വെടിവെയ്പില്‍ 11 പേര്‍ മരണമടഞ്ഞതായി അധികൃതര്‍ അറിയിച്ചു. അതേസമയം അതിലുമധികം ആളുകള്‍ വെടിവെയ്പില്‍ മരണമടഞ്ഞിട്ടുണ്ടെന്ന് സമരക്കാര്‍ പറഞ്ഞു. വെടിവയ്പ്പിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു.

കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പോലീസിന് വെടിവയ്‌ക്കേണ്ടി വന്നു എന്ന അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ശബ്ദരേഖകളും പുറത്തുവന്നു. നിറുത്തിയിട്ടിരിക്കുന്ന ഒരു പോലീസ് ബസ്സിന് മുകളില്‍ നിന്ന് ജനക്കൂട്ടത്തിനുനേരേ പ്രകോപനമില്ലാതെ നിറയൊഴിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ വാര്‍ത്താഏജന്‍സി, എ.എന്‍.ഐ പുറത്തുവിട്ടു. "ഒരുത്തനെങ്കിലും ചാകണം" എന്ന് ഒരാള്‍ പറയുന്നതിനു പിന്നാലെയാണ് വെടി പൊട്ടുന്നതിന്റെ ശബ്ദം കേള്‍ക്കുന്നത്. 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വേറേ മാർഗ്ഗമില്ലാത്തതുകൊണ്ടാണ് വെടിവയ്പ് വേണ്ടിവന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വെടിവയ്പ്പിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 3 ലക്ഷം രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. സ്റ്റെർലൈറ്റ് കമ്പനിയുടെ സംസ്കരണം വികസിപ്പിക്കുന്നതിന് എതിരെയുള്ള ഒരു ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഇന്ന് പരിഗണിക്കും.

വേദാന്തയുടെ ചെമ്പുസംസ്‌കരണ ശാലയായ സ്റ്റെര്‍ലൈറ്റിന്റെ പരിസ്ഥിതി മലിനീകരണത്തിനെതിരായ സമരത്തിന്റെ 100-ാം ദിവസം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത സമരക്കാരെയാണ് പോലീസ് വെടിവെച്ചുകൊന്നത്. വര്‍ഷങ്ങളായി പ്രദേശത്തെ ഭൂഗര്‍ഭജനത്തെ മലിനീകരിക്കുന്ന ചെമ്പുസംസ്‌കരണശാല അടച്ചുപൂട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം. രാജ്യത്തെ ഏറ്റവും വലിയ ചെമ്പുസംസ്‌കരണ ശാലകളിലൊന്നാണ് സ്റ്റെര്‍ലൈറ്റ്.

തൂത്തുക്കുടിയില്‍ നടന്നത് ഭരണകൂട ഭീകരതയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. അനീതിക്കെതിരേ സമരം ചെയ്തവരെയാണ് വെടിവെച്ചുകൊന്നതെന്ന് രാഹുല്‍ പറഞ്ഞു. തമിഴ്‌നാട് ഡി.ജി.പിയുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് ഡി.എം.കെ.നേതാവ് എ.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വൈകോ തൂത്തുക്കുടിയില്‍ എത്തി വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും കണ്ടു. കമല്‍ഹാസന്‍ അല്പസമയത്തിനുള്ളില്‍ തൂത്തുക്കുടിയിലെത്തും.