മോദിയെ പിടിച്ചുകെട്ടും : കുമാരസ്വാമി

#

ബംഗളുരു (24-05-18) : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മോദിയെ തറപറ്റിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മോദിയുടെ അശ്വമേധം തടഞ്ഞു നിറുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഇക്കാര്യം താന്‍ ഉറപ്പിച്ചതാണെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസും ജനതാദള്‍ എസ്സും ചേര്‍ന്നപ്പോള്‍ കര്‍ണാടകയില്‍ ബി.ജെ.പിയെ പുറത്തു നിറുത്താന്‍ കഴിഞ്ഞെങ്കില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒത്തുചേരുമ്പോള്‍ മോദിയെയും കൂട്ടരെയും തുടച്ചുനീക്കാന്‍ പ്രയാസമുണ്ടാവില്ല. ബംഗളുരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഇത്രയധികം പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചുകൂടിയത് ചരിത്രസംഭവമാണ്. തന്നെ പിന്തുണയ്ക്കാന്‍ വേണ്ടിയയല്ല, 2019 ല്‍ രാജ്യത്ത് വലിയ ഒരു മാറ്റമുണ്ടാകുമെന്ന സന്ദേശം നല്‍കാനാണ് പ്രതിപക്ഷ നേതാക്കളെല്ലാവരും വന്നതെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് കുമാരസ്വാമി പറഞ്ഞു. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനോടൊപ്പം ചേരണമെന്ന കാര്യത്തില്‍ പ്രതിപക്ഷനേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.