വ്യത്യസ്തമായ ഒരു അവധിക്കാല ക്യാമ്പ്

#

ശൂരനാട് (24-05-18) : നാടെങ്ങും അവധിക്കാല ക്യാമ്പുകളുടെ കാലമാണ്. കഴിഞ്ഞ ദിവസം ശൂരനാട് സമാപിച്ച രണ്ടു ദിവസത്തെ അവധിക്കാല ക്യാമ്പ് വ്യത്യസ്തമായ അനുഭവമായിരുന്നു. ശൂരനാട് ഭാവന ഗ്രന്ഥശാല ആൻഡ് വായനശാലയാണ് രണ്ടു ദിവസം നീണ്ടു നിന്ന പൂമരം എന്ന് പേരിട്ട അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിച്ചത്.

മെയ് 20, 21 തീയതികളിലായി നടന്ന ക്യാമ്പിൽ 64 കുട്ടികൾ പങ്കെടുത്തു. വരയും വർണങ്ങളും ആട്ടവും പാട്ടും കവിതയും അഭിനയവും നിറഞ്ഞതായിരുന്നു ക്യാമ്പ്. ഇഞ്ചക്കാട് ബാലചന്ദ്രൻ, രാജേഷ് ശർമ്മ, സുരേഷ് വാക്കനാട്, ബൈജു മലനട, സുധി ശാസ്താംകോട്ട, ശ്രീകുമാർ ശാസ്താംകോട്ട എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ ഫോക് ലോർ അക്കാദമി യുവപ്രതിഭാ പുരസ്കാര ജേതാവും പിന്നണി ഗായകനുമായ മത്തായി സുനിലിനെയും ഫോക് ലോർ ഫെലോഷിപ്പ് നേടിയ ബൈജു മലനടയെയും സോപാന സംഗീതജ്ഞനായ ശൂരനാട് ഹരികുമാർ, ഗാന രചയിതാവ് ശൂരനാട് ബാബു നാരായണൻ എന്നിവരെയും ആദരിച്ചു. +2 ,SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് ക്യാമ്പ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തീയേറ്റർ ഇൻഷ്യേറ്റീവ് കേരള യുടെ ശുദ്ധമദ്ദളം നാടകം അരങ്ങേറി. ചലച്ചിത്ര നടൻമാരായ രാജേഷ് ശർമ്മയും അമൽരാജും അഭിനയിച്ച നാടകം നവ്യാനുഭവമായിരുന്നു. പിന്നണി ഗായകൻ മത്തായി സുനിലായിരുന്നു ഒരു നാട് മുഴുവൻ ഒരു മനസ്സോടെ നെഞ്ചേറ്റിയ ക്യാമ്പിന്റെ ഡയറക്ടർ.