ഒരു വർഷം ഒരു തെരഞ്ഞെടുപ്പ് : പുതിയ നിർദ്ദേശവുമായി തെര.കമ്മീഷൻ

#

ന്യൂഡൽഹി (24.05.2018) : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിത്തോട് വിയോജിക്കാതെ തന്നെ പുതിയ നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു വർഷം നടക്കേണ്ട തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടു വച്ചിരിക്കുന്ന നിർദ്ദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞ് നിയമകമ്മീഷൻ അയച്ച കത്തിനുള്ള മറുപടിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നിർദ്ദേശം മുന്നോട്ടു വച്ചത്.

നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങളില്ലെങ്കിൽ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിൽ എതിർപ്പ് ഇല്ലെന്നറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വർഷം ഒരു തെരഞ്ഞെടുപ്പ് എന്ന പുതിയ നിർദ്ദേശം കൂടി മുന്നോട്ടുവയ്ക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തുന്നതിന് ഭരണഘടനയിൽ 5 ഭേദഗതികൾ ആവശ്യമാണ്. ഒരു വര്ഷം നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുക എന്ന നിർദ്ദേശം നടപ്പാക്കുന്നതിന് ഒരു ഭരണഘടനാ ഭേദഗതി മാത്രം മതി. കാലാവധി അവസാനിക്കാൻ 6 മാസത്തിലധികം ബാക്കിയുള്ള നിയമസഭകളിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാൻ അധികാരമില്ല എന്ന വ്യവസ്ഥ ഭേദഗതി ചെയ്‌താൽ മതിയാകും.