ജസ്റ്റിസ് കെമാൽ പാഷയുടെ വാക്കുകൾ സമൂഹം ചർച്ച ചെയ്യണം

#

(25-05-18) : നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളില്‍ മിക്കവാറും എല്ലാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത തകര്‍ന്നടിഞ്ഞ ഘട്ടങ്ങളില്‍ പോലും സാധാരണ മനുഷ്യർ വിശ്വാസമര്‍പ്പിച്ചിരുന്നത് ജുഡീഷ്യറിയിലായിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യതയും മഹത്വവും മനസ്സിലാക്കാൻ  എ.ഡി.എം ജബൽപൂർ എന്ന ഒരൊറ്റ കേസ് നോക്കിയാൽ മതി. ആ കേസില്‍ ജസ്റ്റിസ് എച്ച്.ആർ. ഖന്ന സ്വീകരിച്ച നിലപാട് ഇന്ത്യൻ ജുഡീഷ്യല്‍ സിസ്റ്റത്തിന്റെ അഭിമാനകരമായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതായിരുന്നു. വര്‍ത്തമാനകാലത്ത് സുപ്രീംകോടതി പോലും കളങ്കപ്പെട്ടിരിക്കുന്നുവെന്ന്, ചീഫ് ജസ്റ്റിസിനെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നാല് മുതിര്‍ന്ന ജഡ്ജിമാർ വാർത്താസമ്മേളനം നടത്തി പറഞ്ഞപ്പോള്‍ രാജ്യം മാത്രമല്ല ലോകം മുഴുവന്‍ ഞെട്ടി. അപ്പോഴും  കേരളത്തിലെ ജുഡീഷ്യല്‍ സംവിധാനം ഏറെക്കുറെ സത്യസന്ധവും സുതാര്യവും കളങ്കരഹിതവുമാണെന്നാണ് നമ്മളെല്ലാവരും വിശ്വസിച്ചിരുന്നത്.

താഴെ മജിസ്‌ട്രേട്ട് കോടതി മുതല്‍ ഹൈക്കോടതി വരെയുള്ള കേരളത്തിലെ ജുഡീഷ്യല്‍ സംവിധാനം, വളരെ സുതാര്യമാണ്. പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും കോടതിയിലേക്ക് കടന്നുപോകാനുള്ള  സാഹചര്യം നിലവിലുണ്ട്. എന്നാലും നമ്മുടെ പാര്‍ലമെന്റും നിയമസഭയുമൊക്കെ പാസ്സാക്കുന്ന നിയമങ്ങളുടെ യഥാർത്ഥ സ്പിരിറ്റ് ഉൾക്കൊള്ളാൻ ചില ജുഡീഷ്യൽ ഓഫീസര്‍മാർക്കെങ്കിലും കഴിയാറില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ ഒരു ഘട്ടത്തിലാണ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ജുഡീഷ്യല്‍ ഓഫീസർമാരില്‍ ഒരാളായ ജസ്റ്റിസ് കെമാല്‍ പാഷ കേരളത്തിലെ ജുഡീഷ്യല്‍ സംവിധാനത്തില്‍ നിലനിൽക്കുന്ന പോരായ്മകളെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറായത്. ജസ്റ്റിസ് കെമാല്‍ പാഷയുടെ  വിധിന്യായങ്ങള്‍ കര്‍ക്കശമായ നീതിബോധം പുലർത്തുന്നവയാണ്. സാമൂഹ്യനീതിയ്ക്ക് ഊന്നൽ നൽകുന്ന ന്യായാധിപനാണ് അദ്ദേഹം. ന്യായാധിപ ജീവിതത്തില്‍ എപ്പോഴെങ്കിലും  രാഷ്ട്രീയമോ സാമുദായികമോ ജാതീയമോ ആയ പക്ഷപാതം പ്രകടിപ്പിച്ചതായി അദ്ദേഹത്തെ കുറിച്ച് ആരും പറഞ്ഞിട്ടില്ല.

ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കുക എന്നതില്‍ കാര്‍ക്കശ്യമുള്ള ഒരു ന്യായാധിപനാണ് നമ്മുടെ ജുഡീഷ്യൽ സംവിധാനത്തിന്റെ പോരായ്മകളെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഓർക്കണം. രണ്ട് കാര്യങ്ങളാണ് അദ്ദേഹം പ്രധാനമായി പറയുന്നത്. ഹൈക്കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതിയില്‍ വലിയമാറ്റം വരുത്തേണ്ടതുണ്ട് എന്നതാണ് അതിലൊന്ന്. അത് സംബന്ധിച്ച് പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമം ഉണ്ടായിരുന്നു. ആ നിയമം സുപ്രീംകോടതി റദ്ദു ചെയ്യുകയുണ്ടായി. ജസ്റ്റിസ് ചെലമേശ്വര്‍ അതിന് ഒരു വിയോജനക്കുറിപ്പ് എഴുതിയിരുന്നു. ഹൈക്കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി സുതാര്യമാകണം എന്ന് ജസ്റ്റിസ് കെമാൽ പാഷ പറയുന്നതിനോട് ആർക്ക് വിയോജിക്കാൻ കഴിയും ? സമൂഹം വളരെ ഗൗരവത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യണം. ഏറ്റവും സാധാരണക്കാരനായ ആള്‍ക്കുപോലും ഹൈക്കോടതിയിൽ ജഡ്‌ജിയാവാൻ കഴിയണം. ഭര്‍ത്താവ്, അച്ഛന്‍, അമ്മാവന്‍, മരുമകന്‍ അല്ലെങ്കില്‍ മുത്തച്ഛന്‍, ഭാര്യയുടെ പിതാവ് ഇങ്ങനെ ജുഡീഷ്യറിയിൽ  ബന്ധുക്കളില്ലാത്തവര്‍ക്കും കേരള ഹൈക്കോടതിയില്‍ ജഡ്ജാവാന്‍ കഴിയണം എന്നാണ് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞതിന്റെ പൊരുൾ. അക്കാര്യം സമൂഹം ചര്‍ച്ച ചെയ്യുക തന്നെ വേണം.

ജസ്റ്റിസ് കെമാൽ പാഷ രണ്ട് കേസുകളുടെ കാര്യം ചൂണ്ടിക്കാട്ടി. ഷുഹൈബ് വധക്കേസ് സി.ബി.ഐയ്ക്ക് വിട്ടതും ആലഞ്ചേരി പിതാവിന്റെ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചതുമാണ് വിവാദമായ രണ്ട് തീരുമാനങ്ങള്‍. ഷുഹൈബ് വധം സി.ബി.ഐയ്ക്ക് വിട്ട കേസ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കാന്‍ തന്നെ കാരണം തുടര്‍ന്നുവരുന്ന ആലഞ്ചേരി പിതാവിന്റെ കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ നല്‍കിയ നിര്‍ദ്ദേശം റദ്ദാക്കാനുളള്ള താല്പര്യത്തോടുകൂടിയാണെന്ന് അഭിഭാഷകരുടെ അടക്കം പറച്ചിലുണ്ടായിരുന്നു.  അത് ഒന്നുകൂടി ജസ്റ്റിസ് കമാല്‍പാഷ സ്പഷ്ടമാക്കിയിരിക്കുകയാണ്. നമ്മളുടെ ജുഡീഷ്യറി സുതാര്യമാകണം. സത്യസന്ധമാകണം എന്ന ആവശ്യത്തിന് അടിവരയിടുകയാണ് ഈ കേസുകൾ സംബന്ധിച്ച് .ജസ്റ്റിസ് കെമാൽ പാഷ നടത്തുന്ന പരാമർശങ്ങൾ. പാര്‍ലമെന്റും നിയമസഭയും പാസ്സാക്കുന്ന നിയമത്തിന്റെ സ്പിരിറ്റ് പൂർണ്ണമായും ഉള്‍ക്കൊള്ളാൻ കഴിയുന്ന ഒരു സംവിധാനം ഇവിടെയുണ്ടായേ മതിയാകൂ. നമ്മുടെ ജുഡീഷ്യൽ സംവിധാനത്തിൽ അടിയന്തരമായി ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് നിയമരംഗത്തും സാമൂഹ്യ- രാഷ്ട്രീയരംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവർ സജീവമായ ചർച്ചകൾക്ക് തുടക്കം കുറിക്കണം. അത്തരം ചർച്ചകൾക്ക് പ്രചോദനം നൽകുന്നതാണ് ജസ്റ്റിസ് കെമാൽ പാഷയുടെ പരാമർശങ്ങൾ. ആ നിലയ്ക്ക് നിയമരംഗത്ത്  പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ ആ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു.