മധ്യതിരുവിതാംകൂറിൽ പരിസ്ഥിതിദുരന്തം വിതച്ച് കരിമണൽ ഖനനം

#

(25.05.2018) :  ഐ.ആര്‍.ഇ (ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡ് ) യുടെ കരിമണല്‍ ഖനനം തീരദേശഗ്രാമങ്ങളിലാകമാനം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍ അനുദിനം വര്‍ധിച്ചു വരികയാണ്. ഐ.ആര്‍.ഇ യും കെ.എം.എം.എല്ലും നടത്തിയ ഖനനത്തിന്‍റെ ഫലമായി വളരെയധികം ഭൂമി നഷ്ട പ്പെടുകയും പൊന്മന എന്ന ഗ്രാമം തന്നെ ഇല്ലാതാവുകയും ചെയ്തു. ലിത്തോമാപ്പ് അനുസരിച്ച് 1955 ല്‍ 89.5 ചതുരശ്ര കിലമീറ്ററായിരുന്ന ആലപ്പാട് പഞ്ചായത്തിന്‍റെ ഭൂവിസ്തൃതി ഇന്ന് കേവലം 8 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. ഇത്രയധികം ഭൂമി നഷ്ടപെട്ടപ്പോള്‍ പ്രശസ്തമായ മൂക്കുംപുഴ പാടവും പനക്കട പാടവും ആലപ്പാടിനു നഷ്ടമായി. തീരത്തിന്‍റെ സാമൂഹ്യ ജീവിതം തന്നെ തകര്‍ന്നു. ഒട്ടനവധി പേര്‍ തൊഴില്‍ രഹിതരായി.

ഖനനത്തിന്റെ തീവ്രത കൂടിയതോടെ കടല്‍ വളരെ വേഗം കൂടുതല്‍ ഉള്ളിലേക്ക് പ്രവേശിക്കുകയും തീരദേശ ഗ്രാമങ്ങള്‍ പാരിസ്ഥിതികമായി തകരുകയും ജനതയുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാവുകയും ,കടലോരം ചേര്‍ന്നുള്ള ചാകര എന്ന പ്രതിഭാസം  ഇല്ലാതാകുകയും കടലോരത്തെ മത്സ്യ പ്രജനനമേഖല പ്രതി സന്ധിയിലാവുകയും ചെയ്തു. ഇപ്പോള്‍ പൊന്മന മുതല്‍ അഴീക്കല്‍ വരെയുള്ള തീരഗ്രാമങ്ങള്‍ പശ്ചിമ തീര ദേശീയ ജലപാതക്കും കടലിനു മിടയില്‍ ഒരു മണല്‍ ബണ്ട് മാത്രമാണ്.  ഇനി ഖനനത്തിനായി ഭുമി ഐ.ആര്‍.ഇ ക്ക് വിട്ടു കൊടുത്താല്‍ അതിന്‍റെ ആഘാതം വളരെ വലുതായിരിക്കും .ആലപ്പാട് ഇല്ലാതാകുന്നതോടെ സ്വാഭാവികമായി ആറാട്ട്‌ പുഴയും പ്രശ്നമേഖലയായി ത്തീരും. ഓണാട്ടുകരയുള്‍പ്പെടെ അപ്പര്‍ കുട്ടനാട് വരെയുള്ള വലിയ ഒരു കാര്‍ഷിക -ജനവാസ മേഖല കടല്‍ വെള്ളത്തിനടിയിലാകും എന്ന് ഈ മേഖലയെ കുറിച്ച് പഠനം നടത്തിയ്ട്ടുള്ള ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതായത് ഓണാട്ട്കരയുടെയും അപ്പര്‍ കുട്ടനാട് വരെയുള്ള ഭു പ്രദേശത്തിന്‍റെയും സമുദ്രത്തില്‍ നിന്നുള്ള  സംരക്ഷണ കവചമാണ് ആലപ്പാട്.

1995 -ല്‍ അമേരിക്കന്‍ കമ്പനിയായ റെന്നിസന്‍ ഗോള്‍ഡ്‌ ഫീല്‍ഡ്, ,ഓസ്ട്രേലിയന്‍ കമ്പനിയായ വെസ്ട്രേലിയന്‍ സാന്‍റ്റ്സ് എന്നീ വിദേശ കമ്പിനികളെ ഐ.ആര്‍.ഇ യും കെ.എം.എം.എല്ലും  ചേര്‍ന്ന് കൂട്ടിക്കൊണ്ടു വന്നു. തീരത്ത്  ജനകീയ പ്രക്ഷോഭണം ഉയര്‍ന്നു വന്നപ്പോള്‍ പദ്ധതിയുടെ വിശദീകരണം എന്തെന്ന് പോലും പറയാതെ വിദേശ കമ്പനികള്‍ പദ്ധതി അവസാനിപ്പിച്ചു മടങ്ങി. ഇത് ഈ പൊതു മേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ വിദേശി -സ്വദേശി കോര്‍പറേറ്റ് ബന്ധങ്ങളെ സാക്ഷ്യപ്പെടുത്തുന്നു .

ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രദേശം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ഐ.ആര്‍.ഇ അടുത്ത ഖനന പദ്ധതിക്കായി ഒരുങ്ങുകയാണ്. ആലപ്പാട് ഖനനം ചെയ്തു ഇല്ലാതാക്കിയ ഭൂ പ്രദേശം വീണ്ടെടുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ഐ.ആര്‍.ഇ തികച്ചും നിയമ വിരുദ്ധമായ നടപടി ക്രമങ്ങളിലൂടെയാണ് മുന്നോട്ട് പോയി ക്കൊണ്ടിരിക്കുന്നത് .

ബഹു.സുപ്രീംകോടതിയുടെ  ഉത്തരവ് (ഡബ്ള്യു.പി.സി 114 / 2014 ) പ്രകാരം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ 2017 മാർച്ച് 14 ലെ നോട്ടിഫിക്കേഷനില്‍  പറയുന്ന നിബന്ധനകള്‍ ഒന്നും പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് വീണ്ടും ഖനനത്തിനായി  പാരിസ്ഥിക അനുമതി ചോദിക്കാന്‍ ഒരു അവകാശവുമില്ല .ഖനനത്തിനായി അനുമതി ചോദിച്ച സര്‍വേകളില്‍ വളരെ മുന്‍പ് തന്നെ Iഐ.ആര്‍.ഇ ഖനനം ചെയ്തു കഴിഞ്ഞു. ടേംസ് & കണ്ടീഷന്‍സ് തെറ്റിച്ച  സ്ഥാപനങ്ങളിലെ മേധാവികളെ നിയമം അനുസരിച്ച് ക്രിമിനല്‍ കുറ്റംചുമത്തി അറസ്റ്റ് ചെയയുകയും ഖനനം ചെയ്ത മൂല്യ വര്‍ധിത ധാതുവിന്റെ വിപണി മൂല്യത്തിന്റെ  200 ശതമാനം പിഴയായി സര്‍ക്കാരിലേക്ക്  അടയ്ക്കുകയും ചെയ്യണമെന്നാണ് നിയമം. ഇവിടെ യഥാര്‍ത്ഥ പ്രതി വീണ്ടും ഖനന അനുമതി ചോദിച്ചിരിക്കുകയാണ്. നിലവില്‍ പാരിസ്ഥിതിക അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന 40.56 ഹെക്ടറിലും 180ഹെക്ടറിലും ഐ.ആര്‍.ഇ ഖനനം നടത്തിക്കഴിഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെ ഖനനം നടത്തിയതിന്‍റെ ഫലമായി ഒരു വലിയ ഭുപ്രദേശം കടലിനടിയിലേക്ക്‌ മുങ്ങിക്കൊണ്ടിരിക്കുകയാണ് .

ആലപ്പാട് അയണിവേലികുളങ്ങര ഉല്‍പ്പെടുന്ന 180 ഹെക്ടറിനായി നടത്തിയ പുബ്ലിക് ഹിയറിംഗ് തികച്ചുംനിയമ സാധുത ഇല്ലാത്തതാണ്. 2018 ഏപ്രിൽ 19നു കേരള സംസ്ഥാന പൊല്യുഷന്‍ കണ്ട്രോള്‍ ബോഡ് സൈറ്റില്‍ കൊടുത്ത നോട്ടീസില്‍  ഐ.ആര്‍.ഇ ക്ക് കേരള സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയില്‍ നിന്നും പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി പബ്ലിക് ഹിയറിംഗ് 2018 മേയ് 22 ന്  കൊല്ലം കളക്ട്രേറ്റ്‌ കോൺഫറന്‍സ് ഹാളില്‍ വച്ചു നടക്കുന്നു എന്ന് കാണിച്ചിരുന്നു. 2018  മേയ് 11 ന് ശുദ്ധിപത്രം എന്നപേരില്‍ പൊല്യുഷന്‍ കണ്ട്രോള്‍ ബോഡ് പ്രസിദ്ധീകരിച്ച നോട്ടിസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതിക്ക് വേണ്ടി ചവറ എഫ്.കെ.എം ഓഡിറ്റോറിയത്തില്‍ വച്ച് ഹിയറിംഗ് നടത്തുന്നു എന്നാണു കാണിച്ചിരുന്നത് , സ്ഥലവും അതോറിറ്റിയും മാറിയതിന്റെ കാരണം നിഗൂഢമാണ്‌. നോട്ടീസ് പ്രസിദ്ധീകരിച്ചു 30 ദിവസത്തിനു ശേഷം ഹിയറിംഗ് നടത്തണമെന്നും പത്ര - ദൃശ്യ മാധ്യമങ്ങളിലൂടെയും പൊതു ഇടങ്ങളിലും ഹിയറിംഗിന്റെ അറിയിപ്പ് ലഭ്യമാക്കണമെന്ന നിയമവും കാറ്റില്‍ പറത്തിയാണ് പപ്ലിക് നടപടിയുമായി എ.ഡി.എമ്മും പൊല്യുഷന്‍ കണ്ട്രോള്‍ ബോഡും മുന്നോട്ട് പോയത്.

"സേവ് ആലപ്പാട് " എന്ന മുദ്രാവാക്യം ഉയര്‍ത്തി എഫ്.കെ.എം  ഓഡി റ്റോറിയത്തില്‍ ജനകീയ കൂട്ടായ്മയുടെ പ്രവര്‍ത്തകരും കരുനാഗപ്പള്ളി നഗരസഭയുടെ ചെയര്‍പേഴ്‌സൺ ശോഭന, ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് പി സെലീന, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍, കരുനാഗപ്പള്ളി നഗര സഭ വൈസ് ചെയര്‍മാന്‍ രവീന്ദ്രന്‍ പിള്ള എന്നിവരും വിവിധ  സമര സമിതികളെ പ്രതി നിധീകരിച്ചു ഹിയറിങ്ങിനു എത്തിയ കാര്‍ത്തിക് ശശി, ജി.രാജദാസ്, കെ .ചന്ദ്രദാസ്‌ എന്നിവര്‍ ഖനനത്തിന് പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് ആവിശ്യപ്പെട്ട് അഭിപ്രായം പറയുകയുകയും സമര സമിതികളുടെ അഭിപ്രായങ്ങള്‍ എഴുതി നല്‍കുകയും ചെയ്തിട്ടും പബ്ലിക് ഹിയറിങ്ങിന്റെ മിനിട്സില്‍ അതൊക്കെ തെറ്റി ധരിപ്പിക്കും വിധം പൊല്യുഷന്‍ കണ്ട്രോള്‍ ബോഡിലെ ഉദ്യോഗസ്ഥര്‍ എഴുതി ചേര്‍ക്കുകയാണുണ്ടായത്. ആലപ്പാട് പഞ്ചായത്തിലെ കരയോഗം പ്രസിഡന്റ് എന്ന പേരില്‍ ഐ.ആര്‍.ഇ ഉദ്യോഗസ്ഥനെ അഭിപ്രായം പറയാന്‍ ക്ഷണിച്ചതും ഹിയറിംഗില്‍  സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കി. ഇതിനിടയില്‍ അയണിവേലിക്കുളങ്ങരയും പന്മനയും ആലപ്പാടും എന്ന രീതിയില്‍ ഹാളില്‍ ജനങ്ങളെ വേര്‍തിരിച്ചു ഇരുത്താൻ  എ.ഡി.എം ശ്രമിച്ചതിലും ദുരൂഹതയുണ്ട്. ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പൊതു ജനങ്ങള്‍ക്ക്‌ അഭിപ്രായം പറയാന്‍ അവസരം ലഭിച്ചില്ല. ഐ.ആര്‍.ഇ ക്ക് ഖനനത്തിന് പാരിസ്ഥിതിക അനുമതി നല്‍കുന്നതിനായി വിളിച്ചുചേർത്തതായിരുന്നു യോഗം. ജനഹിതമറി യാനുള്ള പരിപാടിയില്‍ പങ്കെടുത്ത  ജനങ്ങൾ പറഞ്ഞ അഭിപ്രായങ്ങൾ രേഖപ്പെടുത്താതിരിക്കുകയും തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു.

ഐ.ആർ.ഇ ക്ക്  പാരിസ്ഥിതിക അനുമതി നൽകിയാല്‍ അത് തീരദേശ ഗ്രാമങ്ങളില്‍ അരക്ഷിതാവസ്ഥയും സംഘര്‍ഷങ്ങളും സൃഷ്ടിക്കും. ഐ.ആർ.ഇ ഖനന നടപടികളുമായി ഇനിയും മുന്നോട്ട് പോയാല്‍ അത് മദ്ധ്യ തിരുവിതാംകൂറിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി തീരുമെന്നുള്ളതു വിഷയം നന്നായി പഠിക്കുന്നവര്‍ക്ക് മന്നസ്സിലാകും.