മോദി ഭരണത്തിന്റെ ബാക്കിപത്രം ; പിന്നോട്ടുപോക്കിന്റെ 4 വർഷങ്ങൾ

#

(26.05.2018) : മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലെ യു.പി.എ സര്‍ക്കാര്‍ നടത്തിയ അഴിമതിക്കെതിരെ രാജ്യവ്യാപകമായ പ്രചരണം അഴിച്ചു വിട്ടാണ് നരേന്ദ്രമോദിയുടെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ക്ലീന്‍ ഇമേജും മോഹനവാഗ്ദാനങ്ങളുമായി ഭരണം തുടങ്ങിയ മോദിയും കൂട്ടരും  അഴിമതിയുടെയും അരാജകത്വത്തിന്റെയും പുതിയ റെക്കോഡുകൾ സൃഷ്ടിക്കുന്നതാണ് ഈ നാലുവർഷക്കാലം ഇന്ത്യൻ ജനത കണ്ടത്.

നോട്ടു നിരോധനത്തിലൂടെ ഇന്ത്യന്‍ സമ്പദ്ഘടന ആകെ താറുമാറാക്കിയതാണ് മോദി സര്‍ക്കാരിന്റെ പ്രധാന "ഭരണ നേട്ടം". കള്ളപ്പണവും കള്ളനോട്ടും ഒന്നില്ലാതെ കണ്ടുപിടിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഒരു അര്‍ദ്ധരാത്രിയില്‍ 1000 ത്തിന്റെയും 500ന്റെയും നോട്ടുകള്‍ അസാധുവാക്കിയത്. റിസര്‍വ്വ് ബാങ്കിന്റെ ഉപദേശപ്രകാരമാണ് നോട്ട് നിരോധിക്കുന്നതെന്ന് മോദി ആണയിട്ടെങ്കിലും സര്‍ക്കാര്‍ സ്വമേധയാ ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞു. കള്ളപ്പണം കണ്ടെത്തിയതിന്റെയൊ കള്ളനോട്ടു പിടിച്ചെടുത്തതിന്റെയോ ഒരു കണക്കും പൊതുജനസമക്ഷം വെളിപ്പെടുത്താന്‍ ഇന്നേവരെ സര്‍ക്കാരിനായിട്ടില്ല. അതില്‍ നിന്നു തന്നെ മറ്റു ദുരുദ്ദേശമാണ് നോട്ട് നിരോധനത്തിന്റെ പിന്നിലെന്ന് വ്യക്തമായി.

അദാനി,അംബാനിമാരെപ്പോലുള്ള കുത്തകകള്‍ വിവധ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പകള്‍ തിരിച്ചടായ്ക്കാത്തത് മൂലം ബാങ്കുകള്‍ പൊളിയുമെന്ന അവസ്ഥ സംജാതമായി. ബാങ്കുകളുടെ ചോർച്ച  അടയ്ക്കാനുള്ള ധനം സര്‍ക്കാരിന്റെ കൈവശം ഇല്ലായിരുന്നു. നോട്ട് നിരോധനം വഴി ബാങ്കുകളില്‍ നിക്ഷേപം കൂടി. ഒരു മാസം 25000 രൂപയില്‍ കൂടുതല്‍ ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നത് വിലക്കുകയും എ.റ്റി.എം വഴി പിന്‍വലിക്കാവുന്ന തുക 2000 ആയി പരിമിതപ്പെടുത്തുകയും ചെയ്തത് ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ടി ആയിരുന്നെന്നു വ്യക്തമായി. പണം നിക്ഷേപിക്കുവാന്‍ ബാങ്കിലും പിന്‍വലിക്കുന്നതിനു വേണ്ടി എ.റ്റി.എം.കൌണ്ടറുകള്‍ക്ക് മുന്നിലും ക്യൂ നിന്ന് നിരവധി പേര്‍ മരിച്ചു വീണു. വിവാഹം പോലെയുള്ള ആവശ്യങ്ങള്‍ക്ക് യഥാസമയം നിക്ഷേപം തിരിച്ചെടുക്കാനാവാതെ അനേകം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. നിരോധിക്കപ്പെട്ട നോട്ടുകള്‍ക്ക് പകരം ആവശ്യത്തിനു നോട്ടുകിട്ടാതെ സാധാരണക്കാര്‍ നെട്ടോട്ടം ഓടുമ്പോൾ കര്‍ണ്ണാടകത്തിലെ ഒരു ബിജെപി നേതാവിന്റെ മകളുടെ വിവാഹം 500 കോടി മുടക്കി അത്യാര്‍ഭാടപൂര്‍വ്വം കൊണ്ടാടിയത്, ബി.ജെ.പി രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കി. .

നോട്ടു നിരോധനം നിലവില്‍ വരുന്നതിനു തൊട്ടു മുമ്പ്  ബിജെപിയുടെ പശ്ചിമബംഗാള്‍ ഘടകം 1 കോടി രൂപ ബാങ്കില്‍ നിക്ഷേപച്ച വിവരം പുറത്തു വരികയുണ്ടായി. ക്യാബിനറ്റ് മന്ത്രിമാര്‍ പോലും അറിയാതെ അതീവ രഹസ്യമായി കൈക്കൊണ്ട തീരുമാനം എന്ന് അന്ന് സർക്കാർ വക്താക്കൾ അവകാശപ്പെട്ട നോട്ടുനിരോധനം മോദിക്ക് വേണ്ടപ്പെട്ടവരെല്ലാം അറിഞ്ഞിരുന്നു എന്ന് വെളിപ്പെട്ടു. ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട നീരവ് മോഡി എന്ന തട്ടിപ്പു കാരന്‍ വ്യവസായി 50 കോടി ആ ദിവസങ്ങളില്‍ നിക്ഷേപിച്ച വിവരവും ഈയി ടെ പുറത്ത് വരികയുണ്ടായി. നോട്ടസാധുവാക്കല്‍ എന്ന കൊട്ടാര രഹസ്യം പ്രധാനമന്ത്രിയുടെ സുഹൃത്തായ ഈ മോഡി അറിഞ്ഞതിന്റെ പിന്നില്‍ ബിജെപിക്ക് മറിഞ്ഞത് എത്രകോടിയെന്നു മാത്രമേ കണ്ടെത്തേണ്ടതുള്ളൂ.

ചെറുകിട വ്യവസായങ്ങളുടെയും കൊച്ചുകച്ചവടക്കാരുടേയും നാട്ടെല്ലൊടിക്കുകയും സമ്പദ് ഘടനെയെ ഒന്നാകെ തകര്‍ക്കുകയും ചെയ്ത നോട്ട് നിരോധനം അഴിമതി നടത്താനുള്ള ഒരു മറ ആയിരുന്നു എന്ന് വ്യക്തമായി. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് 2.24 ലക്ഷം കമ്പനികള്‍ അടച്ചു പൂട്ടി. 90ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. നിരോധനത്തെപ്പറ്റി പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ പോലും ധൈര്യമില്ലാഞ്ഞ പ്രധാനമന്ത്രി തന്റെ ഭീരുത്വം മറയ്ക്കാന്‍, തന്നെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ല എന്നു പറഞ്ഞു നടന്നു. നോട്ട് നിരോധനം മൂലം കഷ്ടപ്പാട് സഹിച്ച ജനങ്ങളുടെ രോഷം തണുപ്പിക്കാന്‍ വേണ്ടി തനിക്കു 50 ദിവസത്തെ സാവകാശം തരാന്‍ അപേക്ഷിച്ചു പൊതുയോഗങ്ങളില്‍ കരഞ്ഞു. അമ്പതു ദിവസങ്ങള്‍ക്കകം പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ തന്നെ തൂക്കി കൊന്നോളൂ എന്ന് അലമുറയിട്ടു. അമ്പതും അഞ്ഞൂറും ദിവസം കഴിഞ്ഞിട്ടും ഒന്നും പരിഹരിക്കാന്‍ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കോ കഴിഞ്ഞില്ല.

കൊട്ടിഘോഷിച്ച് മറ്റൊരു അര്‍ദ്ധരാത്രിയില്‍ നടപ്പാക്കിയ ജി.എസ്.റ്റി യും സമ്പൂര്‍ണ്ണ പരാജയമായിരുന്നു എന്ന് ദിവസം പ്രതി തെളിഞ്ഞുകൊണ്ടിരിക്കയാണ്. ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള സകലതിനും ജിഎസ് റ്റി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ പക്ഷേ പെട്രോളിനും ഡീസലിനും പ്രസ്തുത നികുതി ഏര്‍പ്പെടുത്താന്‍ തയ്യാറായിട്ടില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും പുതുക്കാൻ മോദി സർക്കാർ എണ്ണക്കമ്പനികൾക്ക് അധികാരം നൽകി. ലോക കമ്പോളത്തില്‍ ക്രൂഡോയില്‍ വില താഴ്ന്നിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില റെക്കോഡ് വേഗത്തില്‍ കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഓയില്‍ കമ്പനികള്‍ ഉണ്ടാക്കുന്ന കൊള്ളലാഭത്തിന്റെ ഓഹരി ബിജെപിയുടെ ഫണ്ടിലേക്ക് പോകുന്നു എന്ന ആക്ഷേപം വ്യാപകമായുണ്ട്. തങ്ങള്‍ക്കു ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനങ്ങളില്‍ എമ്മെല്ലെമാരെ ചാക്കിട്ടു പിടിക്കാനും മറ്റും അവര്‍ വിനിയോഗിക്കുന്ന പണം ഇത്തരത്തില്‍ ലഭിക്കുന്നതാണെന്നും ആരോപണമുണ്ട്. ഏറ്റവും ഒടുവില്‍ നടന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപി ഒഴുക്കിയ പണത്തിനു കയ്യും കണക്കുമില്ല. എന്നിട്ടും കേവല ഭൂരിപക്ഷം കിട്ടാതിരുന്ന പാര്‍ട്ടി, എം.എല്‍.എ മാരെ ചാക്കിട്ടു പിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ്  കുതിരക്കച്ചവടത്തിനിറങ്ങിയത്.

കോര്‍പ്പറേറ്റുകള്‍ ബാങ്കുകളില്‍ നിന്നും എടുത്ത 2.4 ലക്ഷം കോടി രൂപയുടെ വായ്പ കിട്ടാക്കടമായി എഴുതിത്തള്ളിയത് വെറുതെയാണെന്ന് കരുതാനാവില്ല. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വ്യവസായ ഭീമന്മാരുടെ കൈകളില്‍ എത്തിച്ചതും ലോകോത്തര പൈതൃക സ്മാരകങ്ങള്‍ പോലും വന്‍കിടക്കാര്‍ക്ക് വിഹരിക്കാന്‍ വിട്ടു കൊടുത്തതും മോക്ഷത്തിനാണെന്ന് വിശ്വസിക്കുക പ്രയാസം. ബി.ജെപി.അഖിലേന്ത്യാ പ്രസിഡന്റു അമിത് ഷായുടെ വരുമാനം 300 മടങ്ങാണ് കൂടിയത്. അദ്ദേഹത്തിന്റെ മകന്റെ കമ്പനിയുടെ ആസ്തി മൂന്നു വര്‍ഷം കൊണ്ട് 16000 മടങ്ങായി വര്‍ദ്ധിച്ചു. അതില്‍ നിന്ന് തന്നെ കൊള്ളയുടെ ഒരു ഏകദേശ രൂപം വ്യക്തമാകും.

ഇക്കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന വര്‍ഗ്ഗീയ ലഹളകള്‍ക്കും കൊലപാതകങ്ങളില്‍ ഭൂരിഭാഗത്തിനും ഉത്തരവാദികള്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളുമാണ്. ആട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചതിന്റെ പേരില്‍ ഒരു വയോധികനെയും ഒരു യുവാവിനെയും മറ്റു നിരവധിപേരെയും സംഘപരിവാര്‍ സംഘങ്ങള്‍ തല്ലിക്കൊന്നു. അതില്‍ ഉള്‍പ്പെട്ട പ്രതികളെ ശിക്ഷിക്കുന്നതിനു പകരം പാരിതോഷികവും സര്‍ക്കാര്‍ ജോലിയും നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടന്ന അതിക്രമങ്ങള്‍ക്ക് കണക്കില്ല. ഏറ്റവുമൊടുവില്‍ കാശ്മീരിലെ കത്വയില്‍  ഒരു 8 വയസ്സുകാരിയെ ക്ഷേത്രത്തിനകത്തിട്ടു പീഡിപ്പിച്ചു കൊന്നത് ബിജെപി നേതാക്കന്മാരുടെ ബന്ധുക്കളാണ്. കൊലപാതികള്‍ക്കുവേണ്ടി പ്രകടനം നടത്തിയത് ബിജെപി മന്ത്രിമാരാണ്. യുപിയിലെ ഉന്നാവോയില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഒരു ബിജെപി എം.എല്‍.എയാണ്. ഹരിയാനയില്‍ ഏതാനും ദളിത്‌ കുട്ടികളെ സവര്‍ണ്ണര്‍ ചുട്ടു കൊന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഒരു കേന്ദ്ര മന്ത്രിയായ വി.കെ.സിംഗ് പറഞ്ഞത് വണ്ടിയോടിക്കുമ്പോള്‍ അതിനടിയില്‍ പെട്ടു പട്ടികള്‍ ചത്താല്‍ ആരെങ്കിലും കാര്യമാക്കാറുണ്ടോ എന്നാണ്. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന  അരാജകാവസ്ഥയാണ് ഇന്ന് രാജ്യത്തെമ്പാടും നിലനില്‍ക്കുന്നത്.

ഒരുകാലത്ത് മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായിരുന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ, തന്നെ കൊല്ലാന്‍ ഭരണകൂടം ശ്രമിക്കുന്നു എന്ന് പറഞ്ഞു വിലപിക്കുമ്പോള്‍ രാജ്യത്തെ ക്രമസമാധാന നില എത്ര ഭദ്രമാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അമിത്ഷാ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ട ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവും ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് അസാധുവാക്കിയ ജസ്റ്റിസ് .കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാതെ പകപോക്കുന്നതും ജുഡീഷ്യറിയുടെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുന്നു.

ചരിത്രത്തെ തീർത്തും വളച്ചൊടിച്ച് തെറ്റായ പ്രചാരണം നടത്തുന്നതിന് പ്രധാനമന്ത്രി നേതൃത്വം നൽകി. 1948ല്‍ കര്‍ണ്ണാടകക്കാരനായ കരസേനാ മേധാവി ജനറല്‍ തിമ്മയ്യയെ അപമാനിച്ചു രാജി വയ്പ്പിച്ചതു അന്നത്തെ പ്രധാനമന്ത്രി നെഹ്രുവും  പ്രതിരോധമന്ത്രി ആയിരുന്ന വികെ.കൃഷ്ണമേ നോനും ചേര്‍ന്നായിരുന്നു എന്ന മോദിയുടെ പ്രചരണം നുണപ്രചാരണങ്ങൾ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ്. 1948ല്‍ തിമ്മയ്യ ആയിരുന്നില്ല കരസേനാ മേധാവി. കൃഷ്ണമേനോന്‍ അന്ന് ബ്രിട്ടനിലെ ഇന്ത്യന്‍  ഹൈക്കമ്മീഷണര്‍ ആയിരുന്നു. ചൈനീസ് യുദ്ധകാലത്ത് ഫീൽഡ് മാർഷൽ കരിയപ്പയെ നെഹ്‌റു അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു പ്രചാരണം. 1953 ൽ സർവ്വീസിൽ നിന്ന് വിരമിച്ച കരിയപ്പയെയാണ് 1962 ലെ ചൈനീസ് യുദ്ധകാലത്ത് നെഹ്‌റു അപമാനിച്ചു എന്ന് പ്രധാനമന്ത്രി പറയുന്നത്. നെഹ്രുവിനെതിരെ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് മോദിയുടെ പ്രധാന അജണ്ടയാണ്. കര്‍ണ്ണാടക തെരഞ്ഞെടുപ്പിലാണ് ഏറ്റവും ഒടുവില്‍ ഈ വ്യാജവായ്ത്താരി കേട്ടത്.

പാര്‍ലമെന്റിന്റെയും ഭരണഘടനയുടെയും പ്രസക്തിയും പ്രാധാന്യവും ഇല്ലാതാക്കാനും ഭരണഘടനാ സ്ഥാപനങ്ങളെയും ജൂഡീഷ്യറിയെയും വരുതിക്ക് നിര്‍ത്താനും ഭരണത്തിലേറിയ നാള്‍ മുതല്‍ മോദിയും കൂട്ടരും പരിശ്രമിച്ചു വരികയാണ്. അതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് കര്‍ണ്ണാടകത്തില്‍ ഗവര്‍ണ്ണറെ ഉപയോഗിച്ച് ഭരണം പിടിച്ചെടുക്കാന്‍ നടത്തിയ നീക്കം. ഗോവയിലും മണിപ്പൂരിലും വിജയകരമായി പ്രയോഗിച്ച ഈ കുതന്ത്രം പക്ഷേ പാളിപ്പോയി. ലോക്‌സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ പോലും ഭരണകക്ഷി അനുവദിച്ചില്ല. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയേറിയ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെയും യു.പി.എസ് സിയുടെയും വിശ്വാസ്യതയും അന്തസ്സും തകര്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കരുക്കള്‍ നീക്കി കഴിഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷയിലെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനു പകരം ട്രെയിനിംഗ് സമയത്ത് നടത്തുന്ന ഫൌണ്ടേഷന്‍ കോഴ്സിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നത്. ഇത് യു.പി.എസ്.സി എന്ന സ്വതന്ത്ര സ്ഥാപനത്തെ നശിപ്പിക്കാനുള്ള നീക്കമാണ്.

വ്യക്തിജീവിതത്തിൽ അടിസ്ഥാനപരമായ സത്യസന്ധത പുലർത്താത്തയാളാണ് താനെന്ന്  അധികാരമേറ്റെടുത്ത് അധികം കഴിയുന്നതിന് മുമ്പ് തന്നെ ബോധ്യപ്പെടുത്താൻ മോദിക്ക് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഡിഗ്രി വ്യാജമാണെന്ന ആരോപണം ഉയർന്നപ്പോൾ അതിനോട് മോദിയും ബി.ജെ.പിയും പ്രതികരിച്ച രീതി, പ്രധാനമന്ത്രിക്കും രാജ്യം ഭരിക്കുന്ന പാർട്ടിക്കും ചേർന്നതായിരുന്നില്ല. വിവരാവകാശ നിയമപ്രകാരം അതിന്റെ നിജസ്ഥിതി അന്വേഷിച്ചവര്‍ക്ക് വിവരം നല്കാതിരിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചത്. അമിത്  ഷായും അരുണ്‍ ജയ്റ്റ്ലിയും കൂടി പത്ര സമ്മേളനം നടത്തി മോദിയുടെ ഡിഗ്രി യഥാര്‍ത്ഥമാണെന്ന് പ്രഖ്യാപിച്ചതോടെ സംശയം ഒന്നുകൂടി ബലപ്പെട്ടു. നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ ഡിഗ്രി ആവശ്യമില്ലെന്ന വിശദീകരണവുമായി കുഴലൂത്തുകാര്‍ രംഗത്തെത്തി. വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലെന്നതു നേരാണെങ്കിലും വ്യാജഡിഗ്രി കൊണ്ടുനടക്കുന്നതും ഉണ്ടെന്നു അവകാശപ്പെടുന്നതും ക്രിമിനല്‍ കുറ്റമാണ്.

വിദ്യാഭ്യാസമന്ത്രി ആയി നിയമിച്ച സ്മൃതി ഇറാനിയെ സംബന്ധിച്ചും വ്യാജബിരുദ ആരോപണമുയർന്നു.. തനിക്കു ബിഎ ബിരുദം ഉണ്ടെന്നും ബികോം ബിരുദമുണ്ടെന്നും മാറിമാറി വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ച സ്മൃതി ഇറാനിക്ക് +2 വിദ്യാഭ്യാസം മാത്രമേ ഉള്ളു എന്ന് ഒടുവിൽ വ്യക്തമായി. വിദ്യാഭ്യാസമന്ത്രിയാകുന്നതിന് ഔപചാരിക വിദ്യാഭ്യാസം ആവശ്യമുണ്ടോ എന്നത് മറ്റൊരു വിഷയമാണെങ്കിലും സ്വന്തം വിദ്യാഭ്യാസത്തെക്കുറിച്ച് കള്ളം പറയുന്ന ഒരാൾ വിദ്യാഭ്യാസമന്ത്രിയാകുന്നത് രാജ്യത്തിന് അഭിമാനകരമായ കാര്യമല്ലല്ലോ.

അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് അധികാരത്തില്‍ കയറിയ മോദി സര്‍ക്കാര്‍ അഴിമതിയുടെ നിലയില്ലാക്കയത്തില്‍ മുങ്ങി നില്‍ക്കുന്നതിന്റെ മറയില്ലാ കാഴ്ചകളാണ് കര്‍ണ്ണാടക തെര ഞ്ഞെടുപ്പ് വരെയുള്ള സംഭവങ്ങള്‍ കാട്ടിത്തന്നത്. മന്‍മോഹന്‍ സിംഗ് 10 വര്‍ഷം കൊണ്ട് ചെയ്തതിന്റെ 100 മടങ്ങ് അഴിമതി കഴിഞ്ഞ നാലു വർഷം കൊണ്ട് മോദിയും കൂട്ടരും കൂടി നടത്തി. തട്ടിപ്പും വെട്ടിപ്പും നടത്തുന്നതിലും നുണയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നതിലുമാകട്ടെ മോദി സര്‍ക്കാരിനെ വെല്ലാന്‍ ഭാരതത്തില്‍ ഒരു ഭരണകൂടവും ഇതുവരെ ഉണ്ടായിട്ടില്ല.