നടിയെ ആക്രമിച്ച കേസ് : ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് കോടതിയുടെ അനുമതി

#

കൊച്ചി (26-05-18 ) : കൊച്ചിയിൽ നടിയെ ആക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് എറണാകുളം സെഷൻസ് കോടതി അനുമതി നൽകി. കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.

2017 ഫെബ്രുവരി 17-നായിരുന്നു കൊച്ചിയിലേക്ക് കാർ മാർഗ്ഗം വരികയായിരുന്ന നടിയെ കാറിൽ കടന്നു കയറി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങളാണ് കേസിൽ പ്രധാന തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഈ ദൃശ്യങ്ങൾ ഒന്നാം പ്രതി സുനിൽ കുമാർ പകർത്തിയത് തന്നെയാണോ എന്ന് ഉറപ്പില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. ശിക്ഷ ലഭിച്ച് ദൃശ്യങ്ങൾ കണ്ടിട്ട് കാര്യമില്ലന്നും അതിനാൽ വിചാരണയ്ക്ക് മുൻപ് അവസരം നൽകണമെന്നും സുനിൽ കുമാർ വാദിച്ചു. ഈ ആവശ്യം അംഗീകരിച്ച കോടതി, കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാൻ അനുമതി നൽകുകയായിരുന്നു.

കേസ് വനിതാ ജഡ്ജി കേൾക്കണമെന്നാവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയിലും വാദം പൂര്‍ത്തിയായി. കേസിൽ അടുത്തമാസം 18ന് എറാണാകുളം സെഷൻസ് കോടതി വിധി പറയും.