തൂത്തുക്കുടി വെടിവയ്പ് ; വേദാന്ത കമ്പനിക്കെതിരെ ലേബർ പാർട്ടി

#

ലണ്ടൻ (26.05.2018) : തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽനിരവധി പേരുടെ മരണത്തിന് കാരണമായ വെടിവയ്പ്പിലേക്ക് നയിച്ച സംഭവവികാസങ്ങൾക്ക് ഉത്തരവാദിയായ വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ കമ്പനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബ്രിട്ടനിലെ പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടി ആവശ്യപ്പെട്ടു. വര്ഷങ്ങളായി നിയമവിരുദ്ധമായ ഖനനം നടത്തുന്ന കമ്പനിയെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പട്ടികയിൽ നിന്ന് നീക്കം ചെയുക വഴി അവമതിപ്പിൽ നിന്നും ഒഴിവാക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് കഴിയുമെന്ന് യു.കെയുടെ ഷാഡോ ചാൻസലർ ജോൺ മക്‌ഡൊണാൾഡ് അഭിപ്രായപ്പെട്ടു.

വേദാന്തയെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ ആവശ്യമാണെന്ന് ലേബർ പാർട്ടി നേതാവ് പറഞ്ഞു. വേദാന്തയ്ക്കെതിരെ സമരം ചെയ്ത നിരവധി പേരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തിൽ നടപടി ആവശ്യമാണെന്നും ജോൺ മക്‌ഡൊണാൾഡ് പറഞ്ഞു. പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുകയും തദ്ദേശീയരെ കുടിയിറക്കുകയും ചെയ്‌യുന്ന ഈ കമ്പനി വലിയ ഒരു ബഹുരാഷ്ട്രക്കുത്തകയാണെന്നും അതിനാൽ തന്നെ അവർക്കെതിരെ കർശന നടപടി ആവശ്യമാണെന്നും ലേബർ പാർട്ടി നേതാവ് പറഞ്ഞു.