നവോത്ഥാനത്തെ തോല്പിച്ച പുരോഗമന കേരളം

#

(30-05-18) : 2018 ഫെബ്രുവരി 25 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രശസ്ത സാമ്പത്തികശാസ്ത്ര അധ്യാപകൻ പ്രൊഫസർ എം. കുഞ്ഞാമനുമായുള്ള ദീർഘമായ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ദളിത് വിഭാഗത്തിൽ നിന്ന്, അതിന്റെ പ്രതികൂലതകളിൽ നിന്ന് ഉയർന്നു വന്ന വഴികളിലെല്ലാം ചവിട്ടി താഴ്ത്താൻ ശ്രമിച്ച ജാതീയതയെ പറ്റി പറയുന്ന അഭിമുഖത്തിൽ അദ്ദേഹം പറയുന്ന സുപ്രധാനമായൊരു കാര്യമുണ്ട്. "ജാതീയത എന്നത് സവർണ്ണരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. പിന്നാക്ക വിഭാഗക്കാരും ദളിതരും ജാതീയത വെച്ച് പുലർത്തുന്നുണ്ട്." ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ് നാം കോഴിക്കോട്ടെ ആതിരയുടെ കൊലപാതകത്തെ പരിശോധിക്കേണ്ടത്.

ഒരു ദളിതനെ പ്രണയിച്ചു വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് ആതിര എന്ന ഈഴവ യുവതിയെ കൊല്ലാൻ അച്ഛൻ രാജനെ പ്രേരിപ്പിച്ചത്. "താഴ്ന്ന" ജാതിക്കാരനെ മകൾ വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന അപമാനം ഭയന്നാണ് മകളെ കൊന്നതെന്ന് രാജൻ മൊഴി നൽകിയിട്ടുണ്ട്. അതായത് സ്വന്തം മകളുടെ ജീവനെക്കാൾ വിലയുണ്ട് തന്റെ ജാതീയതയ്ക്ക് എന്ന് ആ മനുഷ്യൻ ആത്മാർത്ഥമായി വിശ്വസിച്ചു.

സവർണ്ണ ക്രിസ്ത്യാനിയെ പ്രേമിച്ചു എന്നതായിരുന്നു കെവിൻ എന്ന ദളിത് ക്രിസ്ത്യാനി ചെയ്ത തെറ്റ്. ആരാണീ സവർണ്ണ ക്രിസ്ത്യാനി ? ആരാണീ ദളിത് ക്രിസ്ത്യാനി ? ദളിതൻ മതം മാറിയാലും അവനെ പറയ ക്രിസ്ത്യാനിയും പുലയ ക്രിസ്ത്യാനിയും ഒക്കെയായി മാത്രം കാണാൻ കഴിയുന്ന സവർണ്ണ ബോധം മതാതീതമായ ഐക്യം വെച്ചു പുലർത്തുന്നു ഇവിടെ. അവന്റെ തിരോധാനത്തിനോടുള്ള നിരുത്തരവാദപരമായ സമീപനവും ആ പൊതുബോധത്തിന്റെ പ്രശ്നമാണ്. പണവും സ്വാധീനവുമില്ലാത്ത ഒരുവന്, അതും ഒരു ദളിതന്, നീതി എന്നത് അർഹതയില്ലാത്ത ആർഭാടമാണ്‌. പണവും രാഷ്ട്രീയ ബലവും ഉള്ളവന് വേണ്ടി ഇടിമുറികളിലിട്ട് ആളുകളെ ഉരുട്ടിക്കൊല്ലാനും, കേസ് ദുർബലപ്പെടുത്താനും തെളിവ് നശിപ്പിക്കാനും ഒക്കെ കാണിക്കുന്ന ആത്മാർത്ഥത നീതി നിർവഹണത്തിലും കാട്ടിയിരുന്നെങ്കിൽ ആ യുവാവ് ഇപ്പോഴും ജീവിച്ചിരുന്നേനെ.

മധുവും ആതിരയും കെവിനും എല്ലാം ഇവിടുത്തെ ജാതീയതയുടെ ഇരകളാണ്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അവർ കൊല്ലപ്പെടാൻ കാരണം അവരുടെ ദളിത് - പിന്നാക്ക ബന്ധമാണ്. ആറടി ഉയരവും വെളുത്ത നിറവും ഒത്ത ശരീരവും ഉള്ളൊരു സവർണ്ണ മധുവിനെ, ഒരാൾക്കൂട്ടവും തല്ലിക്കൊല്ലില്ലായിരുന്നു. ഒരു സവർണ്ണനെ പ്രേമിച്ചിരുന്നെങ്കിൽ ആതിരയ്ക്ക് ഈ മരണം സംഭവിക്കില്ലായിരുന്നു. കെവിൻ ഒരു സവർണ്ണ ക്രിസ്ത്യാനി ആയിരുന്നെങ്കിൽ അയാൾക്കും മരിക്കേണ്ടി വരില്ലായിരുന്നു.

ഒറ്റപ്പെട്ട സംഭവങ്ങൾ എന്നു പറഞ്ഞ് തള്ളിക്കളയാൻ ശ്രമിക്കുമ്പോഴും വിസ്മരിക്കാൻ പാടില്ലാത്ത ഒരു കാര്യം, ഈ വിഷയങ്ങളിൽ സാംസ്കാരിക സംഘടനകളും അവയുടെ സ്വപ്രഖ്യാപിത നായകന്മാരും സ്വീകരിച്ച മൗനമാണ്. കുറ്റ കൃത്യത്തെ അപലപിക്കുമ്പോഴും ജാതിയുടെ ഇരകളാണ് അവർ എന്നുറക്കെ പറയാൻ എല്ലാവരും വിസമ്മതിക്കുന്നു. ശിഥിലമെന്ന് പുരോഗമന മലയാളി നടിക്കാൻ ശ്രമിക്കുന്ന ജാതീയതയ്ക്ക് ഇന്നും സമൂഹത്തിൽ വളരെ ശക്തമായ വേരോട്ടമുണ്ട് എന്നതിന്റെ തെളിവാണ് ആ മൗനം.

വടക്കേ ഇന്ത്യയിലും തീവ്ര ഇസ്‌ലാമിക രാഷ്ട്രങ്ങളിലും ദുരഭിമാനക്കൊലകൾ നടക്കുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കുന്ന നമ്മൾ, പുരോഗമന കേരളത്തിന്റെ അധഃപതനത്തെ ഓർത്ത് തല കുനിച്ചേ മതിയാകു. ദളിതന്റെ പ്രണയവും ആദിവാസിയുടെ വിശപ്പും മഹാപാതകങ്ങളായി മാറിയ ഈ നാട്ടിൽ, ദളിതനാണെന്ന കാരണം കൊണ്ട് കലാകാരന്റെ മൃത ശരീരത്തിന് പൊതുദർശനം നിഷേധിക്കപ്പെടുന്ന നാട്ടിൽ, ജാതി മതിലുകൾ വീണ്ടുമുയരുന്ന നാട്ടിൽ, തോറ്റു പോയത് ഇന്നലെകളുടെ സാമൂഹ്യ പരിഷ്കർത്താക്കളാണ്. അവർ വിഭാവനം ചെയ്ത നവോത്ഥാനമാണ്.