കെവിന്റെ കൊല : പിണറായിയെ ന്യായീകരിച്ച് തോമസ് ഐസക്ക്

#

(30-05-18) : കെവിന്റെ കൊലപാതകത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണം നീതിയ്ക്കു നിരക്കുന്നതല്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. കേസിൽ അന്വേഷണം വൈകിയത് മുഖ്യമന്ത്രിയുടെ പരിപാടിയുള്ളതുകൊണ്ടാണ് എന്ന എസ്.ഐയുടെ വാദത്തെ നിശിതമായി വിമർശിക്കുന്ന ഐസക്ക്, പാർട്ടി സെക്രട്ടറിയെന്ന നിലയില്‍ ഒന്നര ദശകത്തോളം മാധ്യമങ്ങള്‍ നടത്തിയ വേട്ടയാടലിന്റെ തുടര്‍ച്ചയാണ് പിണറായി ഇന്ന് നേരിടുന്നതെന്ന് ആരോപിച്ചു. അന്നത്തെ അപവാദങ്ങളുടെയെും ഉപജാപത്തിന്റെയും കഥകള്‍ ഓര്‍മ്മയുള്ളവര്‍ക്കൊന്നും മാധ്യമങ്ങളുടെ ഈ അജണ്ടയ്ക്കു കീഴടങ്ങാനാവില്ലെന്ന് ഐസക്ക് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായിയെ ന്യായീകരിച്ച് തോമസ് ഐസക്ക് രംഗത്തുവന്നിരിക്കുന്നത്.

സി.പി.എമ്മും ഡിവൈഎഫ്ഐയും കെവിന്റെയും നീനുവിന്റെയും വിവാഹത്തിന് വേണ്ട സഹായങ്ങൾ ചെയ്തുവെന്ന ഡി.വൈ.എഫ്.ഐയുടെ വാദങ്ങൾ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഐസക്ക് ആവർത്തിച്ചു. പാർട്ടിയും ഡിവൈഎഫ്ഐയും കൂടെയുണ്ടായിരുന്നിട്ടും, പാര്‍ടി നേതാക്കളായ തങ്ങളൊക്കെ ഭരണനേതൃത്വത്തിലുണ്ടായിട്ടും,കെവിന് ഭരണസംവിധാനത്തില്‍ നിന്ന് ന്യായമായും കിട്ടേണ്ട സുരക്ഷ ലഭിച്ചില്ലെന്നു മാത്രമല്ല, ജീവന്‍ നഷ്ടപ്പെടുകയും ചെയ്തുവെന്ന് ഓർമ്മിപ്പിക്കുന്ന തോമസ് ഐസക്ക് നീനുവിന്റെ  കണ്ണുനീര്‍ നമ്മുടെ രാഷ്ട്രീയസാമൂഹ്യഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞു.