നാടിനെ അപമാനിക്കുന്നത് മുഖ്യമന്ത്രി : ചെന്നിത്തല

#

തിരുവനന്തപുരം (30-05-18) : മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തന്റെ കഴിവ്‌കേട് മറച്ചുവെയ്ക്കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റുപ്പെടുത്തി. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോട് പ്രതികരിച്ചുകൊണ്ട് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

മുഖ്യമന്ത്രിയുടെ കസേരയിലിരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ല. ഇ.എം.എസ്സിനെപ്പോലെയുള്ള മഹാന്മാര്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന് പിണറായി ഓര്‍മ്മിക്കണം. സംസ്ഥാനത്തെ പാര്‍ട്ടി സെക്രട്ടറിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണെന്ന ധാരണയില്ലാതെയാണ് കഴിഞ്ഞ രണ്ടു ദിവസമായി വാര്‍ത്താസമ്മേളനങ്ങളിലും പൊതുസമ്മേളനങ്ങളിലും മുഖ്യമന്ത്രി പെരുമാറുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുമെന്ന് കരുതി കേരളത്തിലെ ജനങ്ങളും മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷവും അങ്ങനെ നില്‍ക്കുമെന്ന് പിണറായി കരുതരുത്.

മാധ്യമങ്ങളല്ല, പിണറായി വിജയനാണ് നാടിനെ അപമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ കഴിവുകേട് കൊണ്ട് കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും പരമ്പര കേരളത്തിലുണ്ടാകാന്‍ കാരണം പിണറായി വിജയനാണ്. കുറ്റകൃത്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ കണ്ടുവരിക മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ധര്‍മ്മമാണ്. അതിന് മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും മേല്‍ കുതിര കയറിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. കെവിനെ കാണാനില്ല എന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതുകൊണ്ടാണ് അന്വേഷണമുണ്ടായത്. അല്ലെങ്കില്‍ കെവിന്റെ കൊലപാതകം ഒരു സാധാരണ കൊലപാതകമായി അവസാനിക്കുമായിരുന്നു.

ഗാന്ധിനഗര്‍ എസ്.ഐയ്ക്ക് തന്റെ സുരക്ഷാ ചുമതലയില്ലായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി വിടുവായത്തം പറയുകയായിരുന്നു എന്ന് തെളിഞ്ഞുവെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം ഗാന്ധിനഗര്‍ എസ്.ഐ നില്‍ക്കുന്ന പടം മാധ്യമങ്ങള്‍ നല്‍കിയതിലുള്ള ജാള്യം മൂലമാണ് മാധ്യമങ്ങളുടെ മേല്‍ പിണറായി കുതിര കയറുന്നത്. കെവിന്റ കൊലപാതകത്തില്‍ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. മാധ്യമങ്ങളും പ്രതിപക്ഷവും മാത്രമല്ല ആഭ്യന്തരവകുപ്പിനെ വിമര്‍ശിക്കുന്നത്. വി.എസ്.അച്ചുതാനന്ദനും തോമസ് ഐസക്കും ആഭ്യന്തവകുപ്പിനെ വിമര്‍ശിച്ചു. പാളിച്ചയുണ്ടായാല്‍ പാളിച്ചയുണ്ടായെന്ന് സമ്മതിക്കണം. ഏതെങ്കിലും രണ്ടു പോലീസുകാരുടെ പേരില്‍ നടപടി എടുത്ത് തീര്‍ക്കാന്‍ കഴിയുന്നതല്ല ഈ കുറ്റം.

സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പൂര്‍ണ്ണമായും കുത്തഴിഞ്ഞിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. കേരളത്തില്‍ ഒരു ഹോം സെക്രട്ടറിയുണ്ടോ? ആരാണ് ഹോം സെക്രട്ടറി? ദക്ഷിണമേഖലാ ഡി.ജി.പി എവിടെയാണ്? ദക്ഷിണമേഖല ഡി.ജി.പി കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോട്ടയത്ത് പോയിരുന്നോ? ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറേ ആളുകളെ തലപ്പത്തിരുത്തി ജനങ്ങളുടെ ജീവന്‍ പന്താടുകയാണ്. പെട്രോള്‍-ഡീസല്‍ നികുതിയില്‍ ഒരു രൂപ കുറയ്ക്കാനുള്ള തീരുമാനത്തെയും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. യു.ഡി.എഫ് ഭരണകാലത്ത് 4 തവണ അധികനികുതി വേണ്ടെന്ന് വെച്ചു. പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.