ദുരഭിമാനക്കൊലയിൽ പ്രതിഷേധിക്കുക : നാടക്

#

കൊല്ലം(30.05.2018) : കെവിനെ ജാതിയുടെ പേരിൽ തല്ലിക്കൊന്ന മനുഷ്യവിരുദ്ധ പ്രവൃത്തിയിൽ അതിശക്തമായി നാടക പ്രവർത്തകരുടെ സംഘടന നാടക് പ്രതിഷേധിച്ചു. കേരളത്തിന്റെ സാമൂഹ്യ ജീവിത സന്തുലിതാവസ്ഥ തകർക്കുന്ന ജാതി-മത ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതിഷേധം എല്ലായിടത്തു നിന്നും ഉയരേണ്ട സമയമാണിതെന്ന് നാടക് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ജെ.ശൈലജ പ്രസ്താവനയിൽ പറഞ്ഞു.

പെണ്ണിനെ പ്രണയിച്ചു എന്ന കുറ്റത്തിന് കെവിൻ എന്ന ചെറുപ്പക്കാരനെ മനുഷ്യരൂപം പൂണ്ട ഒരു പറ്റം ജാതിയെ പ്രണയിക്കുന്നവർ വളരെ പ്രാകൃതമായ രീതിയിൽ കണ്ണു ചൂഴ്ന്നെടുത്തു കൊന്നെറിഞ്ഞത് കേരളത്തിൽ ആണെന്നുള്ള സത്യം മന:സാക്ഷിയുള്ള മുഴുവൻ മലയാളികളെയും അക്ഷരാർത്ഥത്തിൽ നിശ്ശബ്ദരും ഭയചകിതരും ആക്കിയിരിയ്ക്കുന്നുവെന്ന് ശൈലജ പറഞ്ഞു.വടക്കേ ഇന്ത്യയിൽ നിന്നു മാത്രം കേട്ടിരുന്ന ജാതി പീഡനങ്ങൾ നമ്മുടെ നാട്ടിലും നിത്യ സംഭവം ആകുന്നതിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കപ്പെടേണ്ടതാണ്.

ജാതിയ്ക്ക് വേണ്ടി സ്വന്തം മക്കളെ കൊല്ലാൻ ആവശ്യപ്പെടുന്ന നാട്ടുമുഖ്യന്മാരും അതിനു ഒത്താശ ചെയ്യുന്ന ഗ്രാമസഭകളും അതനുസരിയ്ക്കുന്ന രക്ഷകർത്താക്കളും നമ്മൾ അറിഞ്ഞുവന്ന ഉത്തരേന്ത്യൻ അവസ്ഥ കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും സംഭവിിയ്ക്കുന്നതിന്റെ പിന്നിൽ ആരാണെന്ന് നാടക് ചോദിച്ചു. മത-ജാതി-തീവ്രവാദ ചിന്തകൾ ഭക്ഷണം പോലെ അനിവാര്യമാണെന്ന് മനുഷ്യനെ പറഞ്ഞു പഠിപ്പിയ്ക്കുന്നത് ആരാണ്? ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികം കൊണ്ടാടിയ കേരളം കൂടുതൽ കൂടുതൽ ജാതീയമായി ചേരിതിരിഞ്ഞു പരസ്പരം ഇകഴ്ത്തിയും പോരാടിച്ചും മനുഷ്യൻ ജാതി നിലനിർതത്താനുള്ള ഉപകരണം എന്ന അസ്തിത്വത്തിലേക്കു ചുരുക്കപ്പെടുന്നത് വരാനിരിയ്ക്കുന്ന വലിയ വിപതത്തിന്റെ സൂചനയാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ കേരളത്തിൽ നടന്ന നിരവധി സംഭവങ്ങൾ--വടയംപാടി ജാതി മതിൽ, ആശാന്തന്റെ മൃതദേഹത്തിനോട് അമ്പലത്തിന്റെ പേരിൽ നടത്തിയ അനാദരവ്, ആതിര എന്ന പെൺകുട്ടിയുടെ കൊല, മധുവിന്റെ കൊലപാതകം തുടങ്ങി ഈ ശ്രേണിയിലെ അവസാന സംഭവമാണ് കെവിന്റെ ദാരുണമായ കൊല. ഇവിടെയെല്ലാം പൊതുവായി പ്രതിസ്ഥാനത്തു നിൽക്കുന്നത് ജാതി മത ചിന്തകളും അതിന്റെ വളരെ ക്രൂരമായ പ്രായോഗവൽക്കാരണവുമാണ്.

കഴിഞ്ഞ കാല സംഭവങ്ങൾ കേരളത്തിലെ നിയമവ്യവസ്ഥ ഇവിടുത്തെ മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും പേരിൽ എത്രമാത്രം വിവേചിച്ചു നിർത്തി ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തെയും പൗരസ്വത്ര്യത്തെയും നിഷേധിയ്ക്കുന്നു എന്നുള്ളതിന്റെ നേർ ചിത്രം കൂടിയാണ്. വിനായകന്റെ മരണം, ശ്രീജിത്തിന്റെ കസ്റ്റഡി മരണം എല്ലാം ഇതിന്റെ തെളിവാണ്. സമൂഹതിന്റെ പൊതുധാരയിലേക്കു എത്താൻ സഹായിക്കുന്നതിന് പകരം കീഴാള സമൂഹങ്ങളിൽ അവരുടെ ജീവിതം തന്നെ ദുസ്സഹമാക്കുന്ന തരം ഇടപെടലുകൾ നടത്തുന്ന എല്ലാ ഭരണകൂട സ്ഥാപനങ്ങളെയും അതിന്റെ പ്രയോക്താക്കളെയും സാമൂഹ്യമായി തന്നെ തള്ളിപ്പറഞ്ഞു അവരുടെ പ്രവർത്തികളെ തിരുത്തിക്കാൻ വേണ്ട ശ്രമങ്ങളിൽ പൊതു സമൂഹം ഒന്നാകെ ഇടപെടേണ്ടതുണ്ട്.

ജാതി ഒരു നീരാളിയാകുമ്പോൾ ഇരകളാകുന്ന മനുഷ്യരിൽ സ്ത്രീകളുടെ അവസ്ഥ സമാനതകളില്ലാത്തതാണ്.അനാഥമാക്കപ്പെടുന്ന ഇവരോട് ഒരു പരിഷ്കൃത സമൂഹം എന്ന തരത്തിൽ നമുക്കുള്ള ഉത്തരവാദിത്വം എന്തെന്ന് ആലോചിയ്ക്കേണ്ടതുണ്ട്.

പ്രണയവും മതവും (മതം മാറ്റവും) ജാതിയും എല്ലാം മനുഷ്യനെ കൊല്ലാൻ മതിയായ കാരണങ്ങളായി മാറുന്ന ഈ ഫാസിസ്റ്റ് കാലത്തു ഒരു കലാസമൂഹത്തിന്റെ ഉത്തരവാദിത്വം എന്താണ് ? നാടകക്കാർ എന്ന തരത്തിൽ ഇതിനെ വളരെ ഗൗരവത്തിൽ കാണുന്നു. തക്ക സമയത്തു മതിയായ നടപിപിടി എടുക്കാതെ കെവിനെ മരണത്തിനു എറിഞ്ഞു കൊടുത്ത പോലീസ് നടപടിയിൽ നാടക് ശക്തമായി പ്രതിഷേധിച്ചു. പ്രതിസ്ഥാനത്തുള്ള പോലീസുകാരും പ്രേരണ നൽകിയ രക്ഷകർത്താക്കളും ഉൾപ്പെടെ വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവർക്കും ദാക്ഷിണ്യമില്ലാത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്നു. ഇങ്ങനെ ഒന്നു ഇനി മേലിൽ ആവർത്തിയ്ക്കാതിരിയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നു ബന്ധപ്പെട്ട ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

മനുഷ്യന് സ്വതന്ത്രമായി ജീവിയ്ക്കാനും പ്രവർത്തിയ്ക്കാനും തടസ്സമായിരിയ്ക്കുന്ന ജാതിമത ഭീകരത എന്തു വിലകൊടുത്തും ഇവിടെ പരാജയപ്പെടുത്തിയെ മതിയാകു. അതിനെതിരെ നാടെങ്ങും പ്രതിഷേധവും പ്രചാരണവും നടത്തുവാൻ നാടക പ്രവർത്തകരോട് നാടക് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.