തോമസ് ആന്റണിക്ക് വേൾഡ് പ്രസ് കാർട്ടൂൺ അവാർഡ്

#

കോട്ടയം (30.05.2018) : പോർച്ചുഗൽ ആസ്ഥാനമായുള്ള വേൾഡ് പ്രസ് കാർട്ടൂൺ (ഡബ്ല്യൂ.പി.സി) അവാർഡ് മെട്രോവാർത്ത എക്സിക്യൂട്ടീവ് ആർട്ടിസ്റ്റ് തോമസ് ആന്റണിക്ക്. 2018ലെ പത്രവാർത്തകളിൽ നിന്നും തിരഞ്ഞെടുത്ത കാരിക്കേച്ചർ വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. 54 രാജ്യങ്ങളിൽ നിന്നായി 227 പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള 300ൽ പരം രചനകൾ അവാർഡിന് പരിഗണിക്കപ്പെട്ടിരുന്നു. ഏഷ്യയിൽ നിന്നും അവാർഡിന് അർഹനായത് തോമസ് ആന്റണി മാത്രമാണ്. 2007 ലെ യു.എൻ പൊളിറ്റിക്കൽ കാർട്ടൂൺ അവാർഡും തോമസ് ആന്റണി നേടിയിട്ടുണ്ട്.

റോബർട്ട് റൂസോ(ഫ്രാൻസ്), ആന്റോണിയൊ(പോർച്ചുഗൽ), റെയ്മാസുപ്രാണി(വെനിസ്വെല), മൈക്കിൾ കൗഡോറിസ്(ഗ്രീസ്), സാദ് ഹോജോ(സിറിയ) എന്നിവരായിരുന്നു വിധികർത്താക്കൾ. അൻപതോളം അന്തർദേശീയ കാർട്ടൂൺ എക്സിബിഷനുകളിൽ തോമസ് ആന്റണി പങ്കെടുത്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം, കേരള ചിത്രകലാ പരിഷത്ത് ജനറൽ സെക്രട്ടറി, കോട്ടയം പ്രസ്‌ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് തോമസ്.