ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വന്‍തിരിച്ചടി

#

ന്യൂഡല്‍ഹി (31-05-18) : ഇന്ന് വോട്ടെണ്ണല്‍ നടക്കുന്ന 4 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി രണ്ട് സിറ്റിംഗ് സീറ്റുകളില്‍ പിന്നില്‍. ഏറ്റവും വാശിയേറിയ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തില്‍ ബി.ജെ.പി കനത്ത പരാജയത്തിലേക്ക് നീങ്ങുകയാണ്. ഇവിടെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി രാഷ്ട്രീയ ലോക്ദള്‍ പാര്‍ട്ടിയുടെ തബസം ഹസ്സന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മൃഗാങ്ക സിംഗിനെക്കാള്‍ 50000 ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. ബി.ജെ.പി എം.പിയായിരുന്ന ഹുകുംസിംഗിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകളാണ് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചത്.

യു.പിയിലെ ഗോരഖ്പൂര്‍, ഫില്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലുണ്ടായ കനത്ത പരാജയത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഏതുവിധത്തിലും വിജയിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ബി.ജെ.പി, കൈരാന മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ആര്‍.എല്‍.ഡിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രൂപം നല്‍കാനുദ്ദേശിക്കുന്ന മഹാസഖ്യത്തിന്റെ മുന്നോടിയായാണ് പ്രതിപക്ഷം കൈരാന മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെ കണ്ടത്.

മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയ ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി 52000 വോട്ടുകള്‍ക്ക് പിന്നിലാണ്. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന എന്‍.സി.പി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മുന്നില്‍. ശിവസേനയും ബി.ജെ.പിയും തമ്മില്‍ മത്സരിക്കുന്ന മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിച്ചു. നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എന്‍.സി.പി.പി 14000 ഓളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. നാഗാ പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ് തൊട്ടു പിന്നിൽ.