ജോണിന്റെ ഗബ്രിയേല്‍ മാലാഖയെ കലാകൗമുദി കൊന്നതെന്തിന് ?

#

(31-05-18) : ( ഇന്ന് (മേയ് 31) ജോൺ അബ്രഹാമിന്റെ മുപ്പത്തൊന്നാം ചരമവാർഷികദിനം. ജോൺ എഴുതി വാരികയ്ക്ക് പ്രസിദ്ധീകരിക്കാൻ നൽകിയ ഒരു കഥ അപ്രത്യക്ഷമായ സംഭവം ഓർക്കുകയാണ് ജോണിന്റെ സുഹൃത്തും മുതിർന്ന മാധ്യമപ്രവർത്തകനുമായ എൻ.കെ.രവീന്ദ്രൻ.)

ജോൺ അബ്രഹാം ശുദ്ധമായ സങ്കല്പ്പ്ത്തില്‍ ഒരു സത്യക്രിസ്ത്യാനി ആയിരുന്നില്ല. പള്ളിയെയും സഭയെയും അച്ചന്മാരെയും ഉച്ചത്തില്‍ പരിഹസിക്കുന്ന പ്രസ്താവങ്ങള്‍ ഏറെയുണ്ട് ജോണിന്റെ പേരില്‍. പക്ഷെ ജോണില്‍ അദ്ദേഹത്തിന്റെെ രൂപസാദൃശ്യം പോലെ ത്യാഗത്തിന്റെ പ്രതിരൂപമായ ഒരു ക്രിസ്തു എന്നും  ഉണ്ടായിരുന്നുതാനും.

1986-ല്‍ അന്നത്തെ മാർപ്പാപ്പ കേരളം സന്ദർശിക്കുന്നതിന് ഒന്ന് രണ്ടു മാസം മുമ്പ് ജോൺ  ഒരു കഥയെഴുതി. "അമ്മ അറിയാന്‍" എന്ന സിനിമയുടെ ജോലികള്‍ തുടങ്ങുന്നതിനു മുമ്പ് തിരുവനന്തപുരത്ത് താമസിക്കുമ്പോഴായിരുന്നു അത്. "ഗബ്രിയേല്‍ മാലാഖയെ കൊന്നതാര്? "  എന്ന ആ കഥ പകർത്തി  എഴുതിയത് അന്ന് കാര്യവട്ടത്തു ഗവേഷണ വിദ്യാർത്ഥി യായ ഞാനും. സ്ടാച്യൂവില്‍ ടെലഫോൺ  ജീവനക്കാരനായിരുന്ന കണ്ണൂര്‍ ബാലന്റെൂ ഡഗ്ലസ് ലോഡ്ജില്‍ നിന്ന് ഇറങ്ങി ജങ്ഷനോട് ചേര്ന്ന്  അന്നുണ്ടായിരുന്ന പഴയ കെട്ടിടത്തിലെ ചാരായക്കടയില്‍ നിന്ന്, എന്റെ  കയ്യിലെ നാല് രൂപയോ മറ്റോ വാങ്ങി, നൂറു മില്ലി ചാരായവു മടിച്ചു പേട്ടയിലെ കലാകൗമുദിയിലേക്ക്. കൗമുദി ഓഫീസിലേക്ക് നടക്കുമ്പോള്‍ റോഡിനു വലതുവശത്ത് കൗമുദി ബാലകൃഷ്ണന്റെ വീട്. ജോണ്‍ പറഞ്ഞു, "എനിക്ക് അങ്ങോട്ട്‌ നോക്കാന്‍ വയ്യടാ. ബാലകൃഷ്ണന്‍ ഇപ്പോഴും ആ ഗെയ്റ്റില്‍ പിടിച്ചുകൊണ്ടു അവിടെ നിൽക്കുന്നതായി തോന്നുന്നു." കഥ കലാകൗമുദിയുടെ ചുമതല ഉണ്ടായിരുന്ന ബാബു സാറിനെ (എന്‍ ആര്‍ എസ് ബാബു) ഏല്പ്പിച്ചു. കഥയ്ക്ക്‌ പ്രതിഫലമെന്നോണം ജോൺ ബാബു സാറില്‍ നിന്ന് ഇരുപതു രൂപ മുൻകൂറായി വാങ്ങി. ഞങ്ങള്‍ അന്നേക്കു സമ്പന്നരായി.

കുട്ടനാടില്‍ നിന്നുള്ള ഇടത്തരം കർഷകനായ  ഒരച്ചായന്‍ മരിച്ചു സ്വർഗ്ഗത്തില്‍ എത്തി. നല്ല കുട്ടനാടന്‍ താറാവിന്റെ ഇറച്ചി എന്നും രുചിയോടെ കള്ളിനൊപ്പം  അകത്താക്കിയിരുന്ന അച്ചായന് പക്ഷെ സ്വർഗ്ഗത്തില്‍ താറാവിറച്ചി കിട്ടത്തില്ല. ഒരു പാട് ശ്രമിച്ചു നോക്കി. പലരെയും സ്വാധീനിച്ച് വശത്താക്കാനും നോക്കി. പക്ഷെ സ്വർഗ്ഗത്തിലെ മെനുവില്‍ താറാവിറച്ചി ഇടം പിടിച്ചിട്ടില്ല. ഇറച്ചി മോഹത്താല്‍ നട്ടം തിരിഞ്ഞു നടക്കുമ്പോഴാണ് ആകാശത്ത് സ്വൈര വിഹാരം ചെയ്യുന്ന വെള് വെളുത്ത മാലാഖമാരെ അച്ചായന്‍ കണ്ടത്. താറാ സ്മരണയില്‍ നാവില്‍ വെള്ളമൂറിയ അച്ചായന്‍  ഉടനെ ചെന്ന് തോക്കെടുത്ത് കൊണ്ട് വന്നു. മാലാഖയെ വെടിവച്ചിടുന്ന ക്രൂരപാപത്തെ തീറ്റമോഹം കൊണ്ട് മറികടന്ന അച്ചായന്‍ മാലാഖമാരില്‍ ഒന്നിനെ വെടിവച്ചിട്ടു. ഗബ്രിയേല്‍ മാലാഖയായിരുന്നു അത്.

ജോണിന്റെ മാലാഖ പക്ഷെ വെളിച്ചം കണ്ടില്ല. ആ കഥ കലാകൗമുദിയില്‍ നിന്നും എവിടെയോ പോയി മറഞ്ഞു. ബാബു സാറിനോ അന്നത്തെ പത്രാധിപര്‍ എസ. ജയചന്ദ്രന്‍ നായർക്കോ ആ കഥ എങ്ങുപോയെന്നു അറിയില്ല. മാർപ്പാപ്പ കേരളത്തില്‍ എത്തുന്ന സന്ദർഭത്തില്‍ കഥ പുറത്തുവരണമെന്ന ഒരു രഹസ്യ ലക്‌ഷ്യം ജോണിനുണ്ടായിരുന്നു. പോപ്പിന്റെ സന്ദർശനവും മാലാഖയുടെ മരണവും തമ്മിലെ പൊരുത്തക്കേട് കണ്ടാണ്‌ കഥയെ കൊന്നതെന്ന് ജോൺ പറഞ്ഞതിനു ഞാന്‍ സാക്ഷിയാണ്.

ഇത് ജോൺ എഴുതിക്കൊടുത്ത കഥയുടെ കഥ. ജോൺ മനസ്സില്‍ മാത്രം എഴുതി വച്ച കഥകളും ഏറെയുണ്ട്. അതിലൊന്നാണ് പിസാറോ ചലച്ചിത്ര മേളയ്ക്ക് പോകാന്‍ കോഴിക്കോട്  നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ പറഞ്ഞ ആ കഥ. കഥ എഴുതും മുമ്പേ അതിനുള്ള ശീർഷകം ജോൺ കണ്ടിരുന്നു, "ചാണ്ടി മാണിയുടെ ദിവാസ്വപ്നങ്ങള്‍ ". ചാണ്ടി മാണി എന്ന ചെറുപ്പക്കാരന് ഒരു ദിവസം രാവിലെ ഒരു വെളിപാടുണ്ടാവുന്നു , എനിക്ക് സ്വന്തമായി ഒരു പേരില്ല. അപ്പന്റെ ചാണ്ടിയും അപ്പാപ്പന്റെ മാണിയും ചേർന്നതാണ് തന്റെ പേര്. അപ്പനും അപ്പൂപ്പനും ചേർന്ന്  തന്നെ അദൃശ്യനാക്കിയിരിക്കുന്നു. സ്വത്വമില്ലായ്മ അസ്തിത്വ ശൂന്യതയാണ് എന്ന ചാണ്ടി മാണിയുടെ ചിന്താഭാരമാണ്  ജോൺ പറയുമായിരുന്നത്.