ഒന്നിച്ചു താമസിക്കാൻ വിവാഹ പ്രായമാകണമെന്നില്ല : ഹൈക്കോടതി

#

കൊച്ചി (01-06-18) : പ്രായപൂർത്തിയായ ഒരു സ്ത്രീക്കും പുരുഷനും വിവാഹിതരാകാതെ തന്നെ ഒന്നിച്ചു താമസിക്കുന്നതിന് സുപ്രീംകോടതി വിധി നൽകുന്ന നിയമ പരിരക്ഷയുണ്ടെന്ന് കേരള ഹൈക്കോടതി. തന്റെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തള്ളിക്കൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ 19 കാരിയായ മകൾ  18 വയസ്സുകാരനോടൊപ്പം കഴിയുകയാണെന്നും ഇതു നിയമവിരുദ്ധമാണെന്നും തന്റെ മകളെ തന്നോടൊപ്പം വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതിയുടെ പിതാവിന്റെ ഹർജി.

യുവാവിന് വിവാഹപ്രായമായിട്ടില്ല എന്ന ഹർജിയിലെ വാദത്തിന് പ്രസക്തിയില്ല എന്ന് കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിവിധി അനുസരിച്ച് പ്രായപൂർത്തിയായ സ്ത്രീയ്ക്കും പുരുഷനും ഒന്നിച്ചു താമസിക്കാം. അതിന് വിവാഹപ്രായമായില്ല എന്നത് തടസ്സമല്ല. വിവാഹത്തിന് മാത്രമാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്.  ഒന്നിച്ചു താമസിക്കുന്നതുൾപ്പെടെ എന്ത് തീരുമാനവും എടുക്കാൻ പ്രായപൂർത്തിയായവർക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.പ്രായപൂർത്തിയായ സ്ത്രീയ്ക്കും പുരുഷനും ഒന്നിച്ചു താമസിക്കാം എന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവ് ചരിത്ര പ്രാധാന്യമുള്ളതാണ്.