ശംഖുമുഖം ആര്‍ട്ട് മ്യൂസിയം ഉദ്ഘാടനം ജൂൺ 3 ന്

#

തിരുവനന്തപുരം (01.06.2018) : തിരുവനന്തപുരം നഗരസഭയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന ശംഖുമുഖം ആര്‍ട്ട് മ്യൂസിയം ജൂൺ 3 ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന്‍ സുധീര്‍ പട്‌വര്‍ധന്‍ മുഖ്യാതിഥി ആയിരിക്കും. സമകാലീന ചിത്രകലയുടെ നേരനുഭവം തദ്ദേശീയർക്കും വിദേശ വിനോദസഞ്ചാരികൾക്കും ലഭ്യമാക്കുന്ന ഒരു ഇടമായാണ് ഈ മ്യൂസിയം നഗരസഭ വിഭാവനം ചെയ്തിരിക്കുന്നത്. തലസ്ഥാനത്ത് ഇത്തരമൊരു സാംസ്കാരിക ഇടം തുറക്കുന്നത് ഇതാദ്യമായാണ്.

ആറാട്ട് ഉൽസവത്തോടനുബന്ധിച്ച് രാജകുടുംബാംഗങ്ങള്‍ക്ക് വിശ്രമത്തിനായി നിർമ്മിച്ച ശംഖുമുഖത്തെ തെക്കേകൊട്ടാരമാണ് ആര്‍ട്ട് മ്യൂസിയമാക്കി മാറ്റിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവർത്തനമില്ലാതെ അടഞ്ഞു കിടക്കുകയായിരുന്നു തെക്കേകൊട്ടാരം.

ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായവർ ഉൾപ്പെടെയുള്ള കലാകാരന്മാരുടെ പ്രദർശനങ്ങൾ സംഘടിപ്പിക്കുക, സമകാലീന കലാപ്രവർത്തനങ്ങളെ ജനങ്ങൾക്ക് കൂടുതൽ പരിചയപ്പെടുത്തുക,കേരളീയ ചിത്ര-ശില്പ കലകൾക്ക് സ്വയം പര്യാപ്തമായ വിപണി ലഭ്യമാക്കുക, നവാഗതരായ കലാകാർന്മാർക്ക് പ്രദർശനവേദിയും സ്കോളർഷിപ്പ് പോലുള്ള സൗകര്യങ്ങളും സജ്ജമാക്കുക, ലോകത്തെ ഇതര കലാമ്യൂസിയങ്ങളും ഗ്യാലറികളുമായി സഹകരിച്ചുകൊണ്ടുള്ള എക്സ്ചേയ്ഞ്ച് പ്രദർശനങ്ങൾ സംഘടിപ്പിക്കുക,ദൃശ്യകലയെക്കുറിച്ചും ഇതര കലാസാംസ്കാരിക രംഗങ്ങളെക്കുറിച്ചും ചർച്ചകൾ സംഘടിപ്പിക്കുക, ഇത് സംബന്ധിച്ചുള്ള പുസ്തകങ്ങളും ജേർണലുകളും പ്രസിദ്ധീകരിക്കുക തുടങ്ങിയവയാണ് മ്യൂസിയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ. ചിത്രകലാ വർക്ക് ഷോപ്പുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി ആർട്ട് അപ്രീസിയേഷൻ കോഴ്സുകൾ,സെമിനാറുകൾ എന്നിവയും മ്യൂസിയത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കും. ഒപ്പം സായാഹ്നങ്ങളില്‍ വിവിധ കലാപരിപാടികള്‍ക്കും തല്‍സമയ ചിത്രരചനപോലുള്ള പരിപാടികള്‍ക്കും മ്യൂസിയം വേദിയാകും.

പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ പ്രമുഖരായ കലാ-സാംസ്കാരിക പ്രവര്‍ത്തകരടങ്ങുന്ന ഒരു സമിതിയാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ഡോ. അജിത് കുമാര്‍ ജി. ആണ് മ്യൂസിയത്തിന്റെ ഡയറക്ടര്‍.

കേരളത്തിലെ പുതുതലമുറയിലെ ശ്രദ്ധേയരായ ഒൻപത് കലാകാരന്മാരുടെ ചിത്രങ്ങളാണ് ഉദ്ഘാടന പ്രദർശനമായി ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ കലാചരിത്രവിഭാഗം അദ്ധ്യാപകനും കലാനിരൂപകനുമായ ചന്ദ്രൻ ടി.വി.യാണ് ഈ പ്രദർശനം ക്യുറേറ്റ് ചെയ്യുന്നത്. അജി അടൂർ, അഹല്യ എ.എസ്, ജഗേഷ് എടക്കാട്, ലീന രാജ് ആർ, കെ. മത്തായി, ഷൈൻ കൊല്ലാട്,സുജിത്ത് എസ്. എൻ, സുമേഷ് കാമ്പല്ലൂർ, വൈശാഖ് കെ. തുടങ്ങിയവരുടെ അന്‍പതോളം ചിത്രങ്ങളാണ് "റീബൗണ്ട്സ്" എന്നു പേരിട്ടിട്ടുള്ള പ്രദര്‍ശനത്തില്‍ ഉള്ളത്. ജൂലൈ 31 വരെയാണ് പ്രദർശനം.

രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് മ്യൂസിയത്തിൽ മുതിർന്നവർക്ക് 30 രൂപയും 7വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് 10രൂപയും പ്രവേശന ഫീസുണ്ട്. മ്യൂസിയത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി മ്യൂസിയത്തെ സഹായിക്കുന്നവരുടെ ഒരു ഫണ്ട് ശേഖരിക്കും. മാസം 100രൂപ വീതം നൽകുന്നവർക്ക് ഇതിൽ അംഗത്വം നേടാം. ഇവര്‍ക്ക് പ്രദർശനങ്ങൾ, മറ്റ് പരിപാടികൾ എന്നിവയ്ക് കുടുംബത്തോടൊപ്പം പ്രവേശനം സൗജന്യമായിരിക്കും.