നടൻ റിസബാവയ്ക്കു അറസ്റ്റ് വാറണ്ട്

#

കൊച്ചി(1-06-2018): പ്രസിദ്ധ ചലച്ചിത്ര - സീരിയൽ നടൻ റിസബാവയ്ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. കൊച്ചി എളമക്കര സ്വദേശി സാദിഖ് നൽകിയ ചെക്ക് കേസിന്മേലാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.

കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. താരത്തിനെതിരെ 11 ലക്ഷം രൂപയുടെ തട്ടിപ്പ് ആരോപണമാണ് പരാതിക്കാരൻ ഉന്നയിച്ചത്.

2014-ൽ പണം വാങ്ങിയ ശേഷം വണ്ടിച്ചെക്ക് നൽകി റിസബാവ കബളിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരന്റെ മകനും താരത്തിന്റെ മകളും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നതായും ആ പരിചയത്തിന്റെ പേരിലാണ് റിസബാവയ്‌ക്കു പണം നൽകിയതെന്നുമാണ് പരാതിക്കാരൻ പറയുന്നത്. ഈ പണം തിരികെ ചോദിച്ചപ്പോൾ പല അവധികൾ പറഞ്ഞെങ്കിലും നൽകിയില്ലെന്നും തുടർന്നു 2015-ൽ താരം നൽകിയ ചെക്ക് ബാങ്കിൽ ഹാജരാക്കിയപ്പോൾ മതിയായ തുക അക്കൗണ്ടിൽ ഇല്ലെന്ന കാരണം പറഞ്ഞു മടങ്ങുകയായിരുന്നുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഈ കേസിലാണ് റിസബാവ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നത്. ഇതിനെത്തുടർന്നാണ് കോടതി ഇപ്പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

എന്നാൽ ഇതിനെപ്പറ്റി താരത്തിന്റെ പ്രതികരണമൊന്നും ഇതുവരെയായും ലഭിച്ചിട്ടില്ല.