ബി.എസ്.പിയുമായി സഖ്യത്തിന് കോണ്‍ഗ്രസ്

#

ന്യൂഡല്‍ഹി (02-06-18) : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും അതിനുമുമ്പ് ഈ വര്‍ഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കുമുള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചട്ടീസ്ഗഢ് നിയമസഭകളിലേക്കുള്ള മത്സരത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ പാര്‍ട്ടിയെ സുസജ്ജമാക്കാനുള്ള ഒരുക്കങ്ങളിലാണ് രാഹുല്‍ഗാന്ധി.

മദ്ധ്യപ്രദേശില്‍ 7 ശതമാനവും ചട്ടീസ്ഗഢില്‍ 5 ശതമാനവും രാജസ്ഥാനില്‍ 4 ശതമാനവും വോട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേടിയ ബി.എസ്.പിയുമായി സഖ്യം രൂപീകരിക്കുന്നതിനാണ് രാഹുല്‍ ഇപ്പോള്‍ മുന്തിയ പരിഗണന നല്‍കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഒറ്റയ്ക്കു തന്നെ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുമെന്നാണ്  രണ്ടു സംസ്ഥാനങ്ങളിലെയും പി.സി.സികള്‍ നല്‍കിയ റിപ്പോര്‍ട്ട്. പക്ഷേ, മതേതര ചേരിയില്‍ നിന്ന് വോട്ടു ചോരാന്‍ ഇട നല്‍കാതെ ആധികാരികമായ ജയം നേടുന്നതിന് ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കണമെന്ന നിലപാടാണ് രാഹുലിനുള്ളത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ എല്ലാ പാര്‍ട്ടികളെയും ഒന്നിപ്പിക്കുന്നതിന് വേണ്ടി വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറാകണമെന്ന തന്റെ അഭിപ്രായം രാഹുല്‍ മറ്റുനേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശമനുസരിച്ച് മായാവതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ അനൗപചാരികമായ ചര്‍ച്ചകള്‍ ആരംഭിച്ചു.