രമൺ ശ്രീവാസ്തവ : ഇടതുപക്ഷത്തെ വേട്ടയാടിയ മർദ്ദകവീരൻ

#

(04-06-18) : മുഖ്യമന്ത്രിയുടെ പോലീസ്  ഉപദേശകനായി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചു എന്ന് കേട്ടപ്പോള്‍  അമ്പരക്കാത്തവരായി ആരും കാണില്ല. കേരളത്തിന്റെയും ശ്രീവാസ്തവയുടെയും ചരിത്രമറിയാവുന്നവര്‍ എങ്ങനെയാണ് അത്ഭുതപ്പെടാതിരിക്കുക? യുഡിഎഫിന്റെയുംകോൺഗ്രസിന്റെയും അഴിമതിയ്ക്കും  അക്രമത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെ സമരം ചെയ്ത് അധികാരത്തിലേറിയ എല്‍ ഡി എഫ് സര്‍ക്കാര്‍, യുഡിഎഫ്ഭരണകാലത്ത് ഇക്കണ്ട അഴിമതിയും അതിക്രമവും മുന്‍ നിന്ന് നടത്തിക്കൊടുത്ത ഒരു ഉദ്യോഗസ്ഥ പ്രമാണിയെ ഉപദേഷ്ടാവായി നിയമിച്ചാല്‍ ആരാണ് ഞെട്ടാതിരിക്കുക ?

രമൺ ശ്രീവാസ്തവയെപ്പോലെ, സര്‍വ്വീസിലിരിക്കെ ഇടതുമുന്നണി പ്രവര്‍ത്തകരെ ക്രൂരമായി വേട്ടയാടിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ  അടുത്തകാലത്തെങ്ങുമുണ്ടായിട്ടില്ല. ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള അനിവാര്യ നടപടിയായിരുന്നില്ല അദ്ദേഹം നടത്തിയ നരവേട്ടകള്‍. കെ.കരുണാകരന്‍, ഉമ്മന്‍ ചാണ്ടി എന്നീ  മുഖ്യമന്ത്രിമാരുടെ പ്രീതിയ്ക്കു വേണ്ടി ചെയ്തുകൂട്ടിയ പാതകങ്ങളായിരുന്നു അവയിൽ മിക്കവയും.

രമണ്‍ ശ്രീവാസ്തവ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന സമയത്താണ് പ്രീഡിഗ്രിബോഡ് വിരുദ്ധ സമരം നടക്കുന്നത്. 1986 ജുലൈ യില്‍ ആരംഭിച്ച സമരം 56 ദിവസം നീണ്ടു നിന്നു. ഈ ദിവസങ്ങളിലെല്ലാം തിരുവനന്തപുരം നഗരത്തില്‍ ,പ്രത്യേകിച്ച് സെക്രട്ടറിയേറ്റിനു മുമ്പില്‍ വിദ്യാര്‍ ത്ഥികളുടെയും യുവജന സംഘടനകളുടെയും പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമായിരുന്നു. ആ സമരങ്ങളെ  അടിച്ചൊതുക്കുവാന്‍ അത്യുത്സാഹം കാണിച്ച വ്യക്തിയാണ് ശ്രീവാസ്തവ. അന്ന് ഏറ്റവും കൂടുതൽ  ആക്രമിക്കപ്പെട്ടത് ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി പ്രവർത്തകരും യൂണിവേഴ്സിറ്റി  ജീവനക്കാരുമായിരുന്നു.  അന്നുകിട്ടിയ മര്‍ദ്ദനത്തിന്റെ പാടുകളും പേറി ജീവിക്കുന്നവർ ധാരാളം.

പ്രസ്തുത  പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന ഞങ്ങളില്‍ ചിലരെ ജാമ്യമില്ലാത്ത എസ്മ (essintial services maintenance act) അനുസരിച്ച് അറസ്റ്റുചെയ്യാന്‍ വീട്ടിലെത്തിയപ്പോള്‍ കിട്ടാഞ്ഞതിനാല്‍ വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തിയതിന്റെ ക്രഡിറ്റും രമണ്‍ ശ്രീവാസ്തവയ്ക്കുള്ളതാണ്.

ഉത്തരമേഖലാ ഡിഐജിആയിരിക്കുമ്പോള്‍

1991 ഡിസംബര്‍ 15 ന്  ഇദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരം നടന്ന വെടിവയ്പ്പില്‍ സിറാജുന്നീസ എന്ന 11 വയസ്സുകാരിക്ക് ജീവന്‍ നഷ്ടപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പാലക്കാട്ടെ പുതുപ്പള്ളി തെരുവില്‍ ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നെങ്കിലും വെടിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് അപ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഷൊര്‍ണ്ണൂര്‍ എ.എസ്.പി ബി.സന്ധ്യയുടെ വാക്കുകള്‍ ചെവിക്കൊള്ളാതെയാണ് ശ്രീവാസ്തവ വെടിവയ്ക്കാന്‍ ഉത്തരവിട്ടതും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സിറാ ജുന്നീസ കൊല്ലപ്പെട്ടതും. ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി നടത്തിയ ഏകതാ യാത്രയ്ക്കു വഴിയൊരുക്കുന്നതിനു വേണ്ടിയായിരുന്നു ആ ബാലികയ്ക്കു നേരെ തോക്കു ചൂണ്ടാന്‍ ഡിഐജി ഉത്സാഹിച്ചത് എന്നത് മറക്കാൻ പാടില്ല.

പിന്നീട്, ഐ.എസ്.ആര്‍.ഒ ചാരക്കേസ്സില്‍ സസ്പന്‍ഷനിലായ ഇദ്ദേഹത്തെ രക്ഷിച്ചതു കെ.കരുണാകരനായിരുന്നു. 2005ല്‍ സീനിയോറിറ്റി മറികടന്ന് രമണ്‍ ശ്രീവാസ്തവയെ ഡി.ജി.പി ആയി നിയമിച്ചതാകട്ടെ  ഉമ്മന്‍ ചാണ്ടിയും. ഇങ്ങനെ പോലീസ് സര്‍വ്വീസില്‍ ഉണ്ടായിരുന്ന കാലമത്രയും കെ.കരുണാകരനും ഉമ്മന്‍ ചാണ്ടിക്കും വേണ്ടി വിടുപണി ചെയ്യുകയും ഇടതു പക്ഷ പ്രവര്‍ത്തകരെയും നേതാക്കളെയും തല്ലിച്ചതയ്ക്കുകയും നിരപരാധികളെ ആക്രമിക്കാന്‍ ഉത്തരവിട്ടു രസിക്കുകയും ചെയ്ത അഴിമതിക്കാരനായ ഒരു നരാധമനെ ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് ഉപദേശകനായി നിയമിക്കുവാന്‍ സി.പി.എമ്മും ഇടതുമുന്നണിയും എങ്ങനെ അനുവദിച്ചു? അടിയന്തിരാവസ്ഥക്കാലത്ത് ഏറ്റ മര്‍ദ്ദനത്തെക്കുറിച്ച് ഇന്നും വാചാലനാകാറുള്ള പിണറായി വിജയന് ഉപദേഷ്ടാവാക്കാന്‍ സ്വന്തം സഖാക്കളെ ഭീകരമായി മര്‍ദ്ദിച്ച ചരിത്രമുള്ള ഇയാളെ മാത്രമാണ്  ലഭിച്ചത് എന്നതിൽ അത്ഭുതം തോന്നുന്നു.

"അണ്ണാന്‍ മൂത്താലും മരം കയറ്റം നിര്‍ത്താറില്ല" എന്ന് പറഞ്ഞതുപോലെ ഇടതുപക്ഷ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് സ്ഥാനത്തിരുന്നുകൊണ്ടും അയാൾ തന്റെ തനിസ്വഭാവം കാണിച്ചു തുടങ്ങി. താന്‍ ഡിജിപിയ്ക്കും മേലെയാണെന്ന ധാരണയില്‍ പോലീസ് സേനയെ ഒന്നാകെ വരുതിയിലാക്കാന്‍ ശ്രീവാസ്തവ ശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അയാള്‍ക്ക്‌ എല്ലാ സ്വാതന്ത്ര്യവും നല്‍കി പ്രോത്സാഹിപ്പിക്കുന്നതായി പല ഓഫീസര്‍മാര്‍ക്കും പരാതിയുണ്ട്. "രമണ്‍ ശ്രീവാസ്തവ, മുഖ്യമന്ത്രിയെ ഉപദേശിച്ചാല്‍ മതിയെന്നും പോലീസിനെ ഉപദേശിക്കാന്‍ വരേണ്ട" എന്ന്  ഡിജിപിയായിരിക്കെ  സെന്‍കുമാർ പറഞ്ഞതുപോലെ  പറയാന്‍ പിന്നീട് ഒരുദ്യോഗസ്ഥനും ധൈര്യപ്പെടാതിരുന്നതോടെ ഒരു ഭരണഘടനാതീത ശക്തിയായി ഈ മുന്‍ കരുണാകരകിങ്കരന്‍ മാറി.

ഇടതുപക്ഷ സര്‍ക്കാരിന്റെ  ഉപദേഷ്ടാവിന്റെ കസേരയില്‍ ഇരുന്നുകൊണ്ട് പ്രതിപക്ഷത്തിനും സംഘ പരിവാര്‍ സംഘടനകള്‍ക്കും വേണ്ടിചാരപ്പണി നടത്തുകയാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഓരോ നിര്‍ണ്ണായക ഘട്ടത്തിലും ഇടതുപക്ഷ സര്‍ക്കാരിന് പോലീസ്  സേന വരുത്തി വയ്ക്കുന്ന പേരുദോഷവും തലവേദനയും ഓര്‍ക്കുമ്പോള്‍ അങ്ങനെ സംശയിക്കാതെ തരമില്ല. ഇത്തരം ഒരു മാരണത്തെ ചുമക്കുന്നതുമൂലം ഉണ്ടാകുന്ന ദുഷ്പേര് പിണറായി വിജയന്‍ മാത്രമല്ല പേറേണ്ടി വരിക എന്ന് ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ എല്ലാവരും ഓര്‍ക്കുന്നത് നന്ന്.