സര്‍ക്കാര്‍ നയം ലംഘിച്ച് വനംവകുപ്പിന്റെ പരിസ്ഥിതിദിനാഘോഷം

#

കൊല്ലം (04-06-18) : നാളെ (ജൂണ്‍ 5) പരിസ്ഥിതിദിനം ആഘോഷിക്കാന്‍ വനംവകുപ്പ് തെരഞ്ഞെടുത്തത് കൊല്ലം വടക്കേവിള എസ്.എന്‍.പബ്ലിക് സ്‌കൂള്‍ എന്ന അണ്‍എയ്ഡഡ് സ്‌കൂള്‍. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് നയം എന്ന് പ്രഖ്യാപിക്കുകയും പൊതുവിദ്യാലയങ്ങള്‍ വലിയ പുരോഗതി കൈവരിച്ചതായി അവകാശപ്പെടുകയും ചെയ്യുന്ന ഇടതുമുന്നണി സര്‍ക്കാര്‍, പ്രധാനപ്പെട്ട ഒരു പൊതുപരിപാടിയുടെ വേദിയായി ഒരു സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂള്‍ തെരഞ്ഞെടുത്തതിന്റെ കാരണം ദുരൂഹമാണ്.

സംസ്ഥാനതല പരിസ്ഥിതിദിനാഘോഷങ്ങള്‍ ജൂണ്‍ 5 ന് രാവിലെ എസ്.എന്‍.പബ്ലിക് സ്‌കൂളില്‍ വനംവകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുമെന്നാണ് വനംവകുപ്പ് അറിയിച്ചിട്ടുള്ളത്. ചടങ്ങില്‍ വെച്ച് മന്ത്രി കൊല്ലം നഗരത്തെ ഹരിതനഗരമായി പ്രഖ്യാപിക്കും. വനമിത്ര പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിക്കും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും. എം.നൗഷാദ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ.പ്രേമചന്ദ്രന്‍, കെ.സോമപ്രസാദ്, എം.എല്‍.എമാരായ എം.മുകേഷ്, ജി.എസ്.ജയലാല്‍, എന്‍.വിജയന്‍പിള്ള, ആര്‍.രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, കെ.ബി.ഗണേഷ്‌കുമാര്‍, മുല്ലക്കര രത്‌നാകരന്‍, ആയിഷാ പോറ്റി എന്നിവരും പങ്കെടുക്കുമെന്നാണ് അറിയിപ്പ്. രണ്ടു മന്ത്രിമാരും ജില്ലയില്‍ നിന്നുള്ള എല്ലാ എം.പിമാരും എം.എല്‍.എമാരും പങ്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാനമായ ഒരു പൊതുപരിപാടിയുടെ വേദിയായി ഒരു സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂള്‍ തെരഞ്ഞെടുത്തത് വഴി വനം വകുപ്പ് ജനങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്ന സന്ദേശമെന്താണ്?

മഴക്കാലമായതുകൊണ്ട് ഓഡിറ്റോറിയത്തിന്റെ സൗകര്യമാണ് പരിഗണിച്ചതെന്നാണ് മന്ത്രിയുടെ വാദം. 2500 ഓളം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഓഡിറ്റോറിയമുള്ളതുകൊണ്ട് എസ്.എന്‍.പബ്ലിക് സ്‌കൂളിന്റെ സ്ഥലം ഉപയോഗിക്കുന്നു എന്നു മാത്രമേയുള്ളൂവെന്നും സ്‌കൂളല്ല പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി കെ.രാജു ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു. 2016 ല്‍ സംസ്ഥാനതല പരിസ്ഥിതിദിനാഘോഷത്തിന്റെ ഉദ്ഘാടനം പുനലൂരില്‍ സംഘടിപ്പിച്ചപ്പോള്‍ പുനലൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ വച്ചായിരുന്നു പരിപാടി നടത്തിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒന്നു പറയുകയും നേര്‍വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണോ വനംവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും രീതി? ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ കൊല്ലം നഗരത്തില്‍ തന്നെ പൊതു വിദ്യാലയങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇടങ്ങളും ധാരാളമായി ഉണ്ടായിട്ടും സമ്പന്നരുടെ വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന ഒരു അണ്‍ എയ്ഡഡ് സ്‌കൂളില്‍ വെച്ച് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നടത്തുക വഴി ആ സ്‌കൂളിന് സൗജന്യമായി വമ്പിച്ച പരസ്യം നല്‍കുകയാണ് വനംവകുപ്പും സര്‍ക്കാരും ചെയ്യുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍തുക കോഴ വാങ്ങുകയും വന്‍തുക ഫീസ് (രസീതില്‍ രേഖപ്പെടുത്തുന്നതിനെക്കാള്‍ പല മടങ്ങാണ് ഈ വിദ്യാലയം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത്) വാങ്ങുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിന് വിശ്വാസ്യതയും സര്‍ക്കാര്‍ വക ബഹുമതിയും നല്‍കുന്നതിന്റെ പിന്നിലെ താല്പര്യങ്ങള്‍ എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.