ശ്രീചിത്രയിൽ ഉദ്യോഗ നിയമനത്തിലും ഞെട്ടിപ്പിക്കുന്ന അഴിമതി

#

തിരുവനന്തപുരം (05-06-18) : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്നോളജിയിൽ നടക്കുന്ന അഴിമതിയെയും ക്രമക്കേടുകളെയും കുറിച്ച് കഴിഞ്ഞ കുറച്ചു കാലമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന  വർത്തകൾക്കെല്ലാം മകുടം ചാർത്തുന്ന ഒരു അഴിമതിയുടെ വാർത്തയാണ് ലെഫ്റ്റ് ക്ലിക് ന്യൂസ് പുറത്തുവിടുന്നത്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്നോളജി പോലെ രാജ്യത്തിനാകെ അഭിമാനമായ ഒരു സ്ഥാപനത്തിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത തരത്തിൽ അവിശ്വസനീയമാണ് ഈ വാർത്ത.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയില്‍ അസി.എന്‍ജിനിയര്‍ (സിവില്‍ എന്‍ജിനിയറിംഗ്) തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ 4 വര്‍ഷം മുമ്പ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചിരിക്കുന്നു. 2018 ജൂണ്‍ 3 നായിരുന്നു ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസി.എന്‍ജിനിയര്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ നടന്നത്. 2014 മേയ് 25 ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ എന്‍ജിനിയര്‍ തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലെ ചോദ്യങ്ങളാണ് അല്പം പോലും വ്യത്യാസമില്ലാതെ ആവര്‍ത്തിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് ജൂൺ 3 ന് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പരീക്ഷയിൽ 50 ചോദ്യങ്ങളാണുള്ളത്. 50 ചോദ്യങ്ങളും മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളാണ്. ഓരോ ചോദ്യത്തിനും 4 ഉത്തരങ്ങൾ നല്കിയിട്ടുള്ളതിൽ ശരിയുത്തരം അടയാളപ്പെടുത്തുകയാണ് വേണ്ടത്. 2014 മേയ് 25 ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലെ പാർട്ട് എ ജനറൽ എൻജിനീയറിംഗ് (സിവിൽ ആൻഡ് സ്ട്രക്ച്ചറൽ) ചോദ്യപേപ്പറിൽ നിന്ന് അതേപോലെ പകർത്തിയതാണ് ശ്രീചിത്ര അസി.എൻജിനീയർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലെ 50 ചോദ്യങ്ങളും.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ എന്‍ജിനിയര്‍ തസ്തികയിലേക്ക് നടത്തിയ ജനറല്‍ എന്‍ജിനിയറിംഗ് (സിവില്‍ ആന്‍ഡ് സ്ട്രക്ചറല്‍) പരീക്ഷയിലെ ചോദ്യങ്ങളില്‍ 49 ചോദ്യങ്ങളും വള്ളിപുള്ളി വ്യത്യാസമില്ലാതെ പകര്‍ത്തിയപ്പോള്‍ ഒരു ചോദ്യത്തില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഉത്തരങ്ങളുടെ ക്രമം മാത്രം മാറ്റിയിരിക്കുന്നു.

ജൂണ്‍ 3 ന് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 4 ന് അഭിമുഖ പരീക്ഷയും നടത്തി. പരീക്ഷയും അതിന്റെ അടിസ്ഥാനത്തിൽ നടന്ന അഭിമുഖപരീക്ഷയും റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും 4 വർഷം മുമ്പ് നടന്ന ഒരു ചോദ്യപേപ്പർ അതേപോലെ പകർത്തി വച്ചതുവഴി നടന്ന അഴിമതിക്കും വഞ്ചനയ്ക്കും എതിരെ ശ്രീചിത്ര അധികൃതരുടെ പേരിൽ അടിയന്തര നടപടി ആവശ്യപ്പെട്ടും അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.

ചോദ്യപേപ്പർ തയാറാക്കിയവർക്കും അവരെ അതിന് ചുമതലപ്പെടുത്തിയവർക്കും എതിരെ നടപടി സ്വീകരിക്കുക മാത്രമല്ല, ഇതിന്റെ പുറകിൽ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെല്ലാം അന്വേഷണ വിധേയമാക്കണം.