രജനി ചിത്രത്തിന് കർണാടക ഹൈക്കോടതിയുടെ പ്രദർശനാനുമതി

#

ബംഗളൂരു(05-06-2018): തമിഴ് സൂപ്പർ താരം രജനികാന്തിന്റെ പുതിയ ചിത്രം " കാല " കർണാടകയിൽ പ്രദർശിപ്പിക്കുന്നതിനു കർണ്ണാടക ഹൈക്കോടതിയുടെ അനുമതി. സംസ്ഥാനത്തു ചിത്രം പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കണമെന്നും മതിയായ സുരക്ഷാ ഏർപ്പെടുത്തണമെന്നും കർണ്ണാടക ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

കാവേരി നദീജല പ്രശ്നത്തിൽ രജനീകാന്ത് കർണാടകത്തിന് എതിരായി നിലപാട് സ്വീകരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഏറ്റവും പുതിയ രജനി ചിത്രമായ " കാല " കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർണ്ണാടക അനുകൂല സംഘടനകൾ നിലപാട് സ്വീകരിച്ചത്. ഹൈക്കോടതി വിധി വന്നെങ്കിലും ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. രജനീകാന്ത് മാപ്പു പറഞ്ഞാലും ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും റിലീസ് ദിവസം വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും തീവ്ര കന്നടവാദ സംഘടനാ നേതാക്കൾ അറിയിച്ചു.

സഞ്ജയ് ലീല ബൻസാലി ചിത്രം " പദ്മാവത്" നു നാല് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു കർണ്ണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി.