കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കുമാരസ്വാമി

#

ബംഗളുരു (06-06-18) : നാളെ രാജ്യത്താകെ പ്രദര്‍ശിനത്തിനെത്തുന്ന രജനീകാന്തിന്റെ കാല, കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ വേണ്ട സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് അംഗീകരിക്കാന്‍ തന്റെ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. പക്ഷേ, ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യം മനസ്സിലാക്കി കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്തിരിയണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്ന് കുമാരസ്വാമി പറഞ്ഞു. ഏതൊക്കെ തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന വിവരം നിര്‍മ്മാതാക്കള്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും അതനുസരിച്ച് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണമെന്നും കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

കാവേരി നദീജലം കര്‍ണാടക തമിഴ്‌നാടിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച് രജനീകാന്ത് നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ പ്രതിഷേധിച്ച് രജനീകാന്തിന് എതിരേ കര്‍ണാടകത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് നിര്‍മ്മാതാക്കളോട് കുമാരസ്വാമി അഭ്യര്‍ത്ഥിച്ചത്. ഇതിനിടയില്‍ തനിക്ക് പകര്‍പ്പവകാശമുള്ള കൃതിയെ അടിസ്ഥാനമാക്കിയാണ് കാല നിര്‍മ്മിച്ചതെന്നും സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.എസ്.രാജശേഖരന്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.