ഡല്‍ഹിയില്‍ കണ്ണുനട്ട് കോണ്‍ഗ്രസ്സിലെ സ്ഥാനമോഹികള്‍

#

ന്യൂഡല്‍ഹി (06-06-18) : കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാനേതൃത്വത്തില്‍ അഴിച്ചുപണിക്കുവേണ്ടിയുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെയും രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥിയെയുമാണ് തീരുമാനിക്കാനുള്ളത്. പ്രതിപക്ഷനേതാവ് സ്ഥാനത്തും മാറ്റം വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ആ ആവശ്യം ഇപ്പോള്‍ പരിഗണിക്കപ്പെടില്ല. വി.എം.സുധീരന്‍ രാജിവെച്ചപ്പോള്‍ എം.എം.ഹസ്സനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കുമ്പോള്‍  അത് താല്ക്കാലികമായ സംവിധാനമാണെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പി.പി.തങ്കച്ചന്റെ മാറ്റവും നേരത്തേ തന്നെ അജണ്ടയിലുണ്ടായിരുന്നതാണ്. രാജ്യസഭാ സീറ്റില്‍ പി.ജെ.കുര്യന് വീണ്ടും അവസരം നല്‍കുന്നതില്‍ ശക്തമായ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ രാജ്യസഭാസ്ഥാനാര്‍ത്ഥിയെയും തീരുമാനിക്കേണ്ടതുണ്ട്.

പ്രതിപക്ഷനേതാവ് ഹിന്ദുവും ഐ ഗ്രൂപ്പുകാരനുമായതുകൊണ്ട് കെ.പി.സി.സി പ്രസിഡന്റായി ക്രൈസ്തവ വിഭാഗത്തില്‍പെട്ട ഒരു ഐ ഗ്രൂപ്പുകാരന്‍ പരിഗണിക്കപ്പെടുക എന്നതാണ്  കോണ്‍ഗ്രസിലെ സ്വാഭാവിക രീതി. ഗ്രൂപ്പ് സമവാക്യം പാലിക്കുക എന്നത് ഇനി പരിഗണനയാകരുത് എന്ന വാദം ഇത്തവണ ശക്തമാണ്. യു.ഡി.എഫ് കണ്‍വീനര്‍, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനങ്ങളും രാജ്യസഭാസ്ഥാനാര്‍ത്ഥിത്വവും ഒന്നിച്ച് പരിഗണിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനാല്‍ ഹിന്ദുവല്ലാത്ത ഒരാള്‍ കെ.പി.സി.സി പ്രസിഡന്റാകും എന്ന് തന്നെയാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ബന്നി ബഹനാന്‍ വരണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ താല്പര്യം. അത് അംഗീകരിക്കപ്പെടാതെ കെ.പി.സി.സി പ്രസിഡന്റായി ഹിന്ദു വിഭാഗത്തില്‍പെട്ട ഒരു ഐഗ്രൂപ്പുകാരനെ തീരുമാനിക്കുകയാണെങ്കില്‍ കെ.സി.ജോസഫിനെ പ്രതിപക്ഷനേതാവാക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടും. ഐ ഗ്രൂപ്പില്‍ പെട്ട മറ്റാരെയെങ്കിലുമാണ് കെ.പി.സി.സി പ്രസിഡന്റാക്കുന്നതെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷനേതാവാക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മനസ്സിലിരിപ്പ്. അതായത് തനിക്ക് തീർത്തും അനഭിമതനായ ഒരാളെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ചാൽ , പ്രതിപക്ഷ നേതാവ് സ്ഥാനത്തും എ ഗ്രൂപ്പ് മാറ്റം ആവശ്യപ്പെടും.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മുല്ലപ്പള്ളി രാമചന്ദ്രനോട് രണ്ടു ഗ്രൂപ്പുകള്‍ക്കും താല്പര്യമല്ല. മലബാറിന് പുറത്ത് വലിയ ബന്ധങ്ങളില്ലാത്ത മുല്ലപ്പള്ളി, പ്രായോഗിക രാഷ്ട്രീയത്തില്‍ പരാജയമായിരിക്കുമെന്നാണ് പൊതുവേ എല്ലാ ഗ്രൂപ്പുകളുടെയും അഭിപ്രായം. സുധീരനെ പ്രസിഡന്റാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ പരീക്ഷണത്തെക്കാള്‍ വലിയ പരാജയമായിരിക്കും മുല്ലപ്പള്ളി എന്നാണ് ഗ്രൂപ്പു നേതാക്കളുടെ വാദം. കെ.വി.തോമസിനോട് ഹൈക്കമാന്‍ഡിന് താല്പര്യമുണ്ടെങ്കിലും കേരളത്തിലെ നേതാക്കള്‍ക്ക് തോമസിനോട് താല്പര്യമില്ല. കേരളത്തിലെ നേതാക്കളുടെ എതിര്‍പ്പിനെ പൂര്‍ണ്ണമായും അവഗണിച്ച് ഒരാളെ കെട്ടിയിറക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറാകില്ല. കെ.സി.ജോസഫ് അല്ലെങ്കില്‍ ബന്നി ബഹനാന്‍ എന്നതായിരിക്കും ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഐ ഗ്രൂപ്പില്‍ നിന്നുള്ള ഒരാള്‍ കെ.പി.സി.സി പ്രസിഡന്റാകുന്നത് തന്റെ താല്പര്യങ്ങള്‍ക്ക് എതിരാകുമെന്നതിനാല്‍ സ്വന്തം ഗ്രൂപ്പില്‍ നിന്നുള്ള ഒരാള്‍ക്കു വേണ്ടിയും ചെന്നിത്തല ആത്മാര്‍ത്ഥമായി വാദിക്കില്ല. എതിര്‍ ഗ്രൂപ്പില്‍ നിന്നുള്ള ഒരാള്‍ക്കു വേണ്ടി വാദിക്കാനും ചെന്നിത്തലയ്ക്ക് കഴിയില്ല. ബന്നിബഹനാനെയും കെ.സി.ജോസഫിനെയും പരിഗണിച്ചില്ലെങ്കില്‍ കെ.സുധാകരന്റെ പേര് അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകും.

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ.മുരളീധരന്റെ പേര് ചിലര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ആ പേരിന് സംസ്ഥാനത്തു നിന്ന് പിന്തുണയുണ്ടാകില്ല. കെ.സുധാകരന്റെ പേരിന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക്  കാര്യമായ എതിര്‍പ്പുണ്ടാകില്ല. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് സ്ഥാനങ്ങളില്‍ ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് വരുന്നതെങ്കില്‍ മുസ്ലീം പ്രാതിനിധ്യം എന്ന നിലയില്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എം.എം.ഹസ്സനെ പരിഗണിക്കണം എന്ന് എ ഗ്രൂപ്പ് ആവശ്യപ്പെടും. ചെന്നിത്തല പ്രതിപക്ഷനേതാവും മുല്ലപ്പള്ളിയോ കെ.സുധാകരനോ കെ.പി.സി.സി പ്രസിഡന്റും  ആകുകയാണെങ്കില്‍ ഹസ്സന്‍ യു.ഡി.എഫ് കണ്‍വീനറാകും. കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായാല്‍ പ്രതിപക്ഷനേതാവ് സ്ഥാനത്ത് മാറ്റം വേണമെന്ന് പിന്നീടായാലും എ ഗ്രൂപ്പ് ആവശ്യപ്പെടും.

ഒഴിവു വരുന്ന രാജ്യസഭാസീറ്റ് നില നിര്‍ത്താന്‍ വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് പി.ജെ.കുര്യന്‍. സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് കുര്യന്‍. രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് നിലനിര്‍ത്തണമെന്നും അതിനു വേണ്ടി കുര്യന് ഒരു ചാന്‍സ് കൂടി നല്‍കണമെന്നുമുള്ള വാദം പലരെക്കൊണ്ടും ഉന്നയിപ്പിക്കാനും കുര്യന് കഴിഞ്ഞിട്ടുണ്ട്. അതേ സമയം, വലിയ ഒച്ചയും ബഹളവുമുണ്ടാക്കാതെ രാജ്യസഭാ സീറ്റിനുവേണ്ടി പി.സി.ചാക്കോ സമര്‍ത്ഥമായ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. 4  പതിറ്റാണ്ടിനു മുമ്പ് ലീലാ ദാമോദരമേനോനെ അയച്ചതിനു ശേഷം ഒരു സ്ത്രീയെപ്പോലും കോണ്‍ഗ്രസ് രാജ്യസഭാംഗമാക്കിയിട്ടില്ല എന്ന ആക്ഷേപം സ്ത്രീ നേതാക്കള്‍ക്കിടയില്‍ നിന്നുയര്‍ന്നിട്ടുണ്ട്. സ്ത്രീ, മുസ്ലീം എന്നീ രണ്ടു പരിഗണിനകളുടെ അടിസ്ഥാനത്തില്‍ ഷാനിമോള്‍ ഉസ്മാനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യം അവഗണിക്കുക എളുപ്പമല്ല.

ഡല്‍ഹി ചര്‍ച്ചകള്‍ക്കുശേഷം നടക്കുന്ന പുനഃസംഘടന കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇപ്പോഴുള്ള ശേഷി കൂടി ഇല്ലാതാക്കുമോ എന്ന ആശങ്ക സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. തലമുറമാറ്റം, ഗ്രൂപ്പുകള്‍ക്ക് അതീതമായ പുനഃസംഘടന തുടങ്ങിയുള്ള മുറവിളികളൊക്കെ ജലരേഖകളായി മാറാനാണ് സാധ്യത.