പന്മന രാമചന്ദ്രൻ നായർക്ക് ശിഷ്യരുടെ അന്ത്യാഞ്ജലി

#

തിരുവനന്തപുരം (06-06-18) : ഇന്നലെ രാത്രി തിരുവനന്തപുരത് അന്തരിച്ച അധ്യാപകനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രൻ നായരുടെ മൃതദേഹം വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. വഴുതക്കാട് ഗാന്ധിനഗറിലെ വസതിയിൽ ശിഷ്യരുൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പന്മന, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മലയാളം വിഭാഗം അധ്യക്ഷനായാണ് സർവീസിൽ നിന്ന് വിരമിച്ചത്.

മലയാള ഭാഷാശുദ്ധിയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച പ്രഗത്ഭനായ അധ്യാപകനും എഴുത്തുകാരനുമായിരുന്നു പന്മന രാമചന്ദ്രൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൗലികമായ നിരവധി കൃതികളുടെ കർത്താവായ അദ്ദേഹം വിവിധ തലങ്ങളിൽ മലയാള ഭാഷയ്ക്ക്  അംഗീകാരം ലഭിക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്നിച്ചു. ഭാഷയുടെ ഉയർച്ചയ്ക്ക് വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിച്ച അദ്ദേഹം അധ്യാപന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. പന്മനയുടെ വേർപാട് മലയാള ഭാഷയ്ക്കും സംസ്കാരത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.