ചില മാധ്യമങ്ങളും ചില പോലീസുകാരും പ്രശ്നങ്ങളുണ്ടാക്കുന്നു : കോടിയേരി

#

കണ്ണൂർ (06-06-18) :  പോലീസിൽ ചിലർ നിയമവിരുദ്ധ പ്രവ‌ർത്തനം നടത്തുന്നവരാണെന്നും അത്തരക്കാരെ  സർ‌ക്കാർ പിരിച്ചു വിടണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പൊലീസിൽ ചെറിയൊരു വിഭാഗം ക്രമിനൽ പശ്ചാത്തലമുള്ളരാണ്. നന്നാകാത്ത പൊലീസുകാരെ  നന്നാക്കാൻ സർക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിലെ രാഷ്ട്രീയവല്കരണത്തെ കുറിച്ചുള്ള  മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു കോടിയേരി.

ചില മാധ്യമങ്ങൾ യു ഡി എഫിന്റെ ഘടക കക്ഷികളെപ്പോലെ പ്രവർത്തിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏറ്റെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. കെവിൻ വധക്കേസിൽ ആരോപണവിധേയനായ ഗാന്ധി നഗർ എഎസ്ഐ, ഉമ്മൻ ചാണ്ടിയുടെ വലംകൈയായിരുന്നുവെന്നും ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത്  ഇയാൾ കോൺഗ്രസിന്റെ  പോലീസ് അസോസിയേഷൻ ഭാരവാഹിയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. യു ഡി എഫ് സർക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്റെ നേതൃത്വത്തിലുണ്ടായിരുന്ന ചിലർ ഇപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.