മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശം ; പ്രതിപക്ഷം നടുത്തളത്തില്‍

#

തിരുവനന്തപുരം (07-06-18) : ആലുവയില്‍ ബൈക്ക് യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ചതിനെച്ചൊല്ലി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയനോട്ടീസ് നിയമസഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ക്ക് വഴിവെച്ചു. ജൂണ്‍ 5 ന് ആലുവയില്‍ പ്രവാസിയായ ഉസ്മാനെ പോലീസ് മര്‍ദ്ദിച്ച പ്രശ്‌നം സഭയില്‍ ഉന്നയിച്ച അന്‍വര്‍ സാദത്ത്, നോയമ്പ് തുറക്കാന്‍ പോയ ഉസ്മാനെ അതിനനുവദിക്കാതെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു പോലീസെന്ന് ആരോപിച്ചു. ഉസ്മാന്റെ ബൈക്കിൽ പോലീസുകാർ സഞ്ചരിച്ച കാർ ഇടിച്ചപ്പോൾ അത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഉസ്മാനെ പോലീസ് തല്ലിച്ചതച്ചതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.

ആലുവയില്‍ പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടായി എന്ന് സമ്മതിച്ച മുഖ്യമന്ത്രി, ഉസ്മാനാണ് ആദ്യം പോലീസിനെ ആക്രമിച്ചതെന്ന് പറഞ്ഞു. പോലീസിനെ ആക്രമിച്ച കൂട്ടത്തില്‍ തീവ്രവാദ സ്വഭാവമുള്ളവരും ഉണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷത്തു നിന്ന് വലിയ പ്രതിഷേധം വിളിച്ചു വരുത്തി. കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസിലെ പ്രതികളും കൂട്ടത്തിലുണ്ടായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റെല്ലാവര്‍ക്കും ബാധകമായ നിയമങ്ങള്‍ ആലുവയിലും ബാധകമാണെന്നും ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ആലുവയിലെ ജനങ്ങളെ മുഴുവന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഭാവത്തില്‍ കെ.സി.ജോസഫാണ് പ്രതിപക്ഷപ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ആലുവയിലെ ജനങ്ങളെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും താന്‍ പറയുന്നത് പുറത്ത് കേള്‍ക്കാതിരിക്കാനാണ് പ്രതിപക്ഷം ബഹളം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പ്രശ്‌നത്തെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണ്. അസംബന്ധ ജഡിലമായ കാര്യങ്ങളാണ് പ്രതിപക്ഷം പറയുന്നതെന്ന് മുഖ്യമന്ത്രി ആക്ഷേപിച്ചു. മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.