വിശ്വാസ ദുരുപയോഗത്തിനെതിരെ കെ.പി.രാമനുണ്ണിയുടെ ശയന പ്രദക്ഷിണം

#

കണ്ണൂര്‍ (07-06-18) : രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഹിന്ദുമത വിശ്വാസത്തെ ദുരുപയോഗപ്പെടുത്തി ജനങ്ങളില്‍ വിഭജനം സൃഷ്ടിക്കാനും സമൂഹത്തില്‍ കാലുഷ്യമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരേ പ്രായശ്ചിത്ത ശയനപ്രദക്ഷിണവുമായി പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ കെ.പി.രാമനുണ്ണി. ജമ്മുവിലെ കത്വ ഉള്‍പ്പെടെ പല സ്ഥലങ്ങളിലുണ്ടായ അങ്ങേയറ്റം ദുഃഖകരമായ സംഭവങ്ങളില്‍ കടുത്ത വേദന അനുഭവിക്കുന്ന മനുഷ്യരാണ് ഭൂരിപക്ഷമെന്ന് രാമനുണ്ണി പറഞ്ഞു. ഓരോ വ്യക്തിയും അവരവരുടെ വിശ്വാസത്തിനനുസരിച്ച് ഇതിനെതിരേ പ്രതികരിക്കണമെന്നും തന്റെ വിശ്വാസമനുസരിച്ച് വ്യക്തിപരമായ ഒരു പ്രവൃത്തി എന്ന നിലയിലാണ് പ്രായശ്ചിത്ത ശയനപ്രദക്ഷിണം നടത്തുന്നതെന്നും രാമനുണ്ണി ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു. വിശ്വാസത്തെ വികലമാക്കുന്നതിനെതിരെ തന്റെ പ്രാർത്ഥനയാണ് ഇത്.

ഇന്ന് രാവിലെ 9 മണിക്ക് കണ്ണൂരിന് സമീപം മലബാറിലെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ രാമനുണ്ണി പ്രായശ്ചിത്ത ശയനപ്രദക്ഷിണം നടത്തി. രാമനുണ്ണിയുടെ ശയനപ്രദക്ഷിണത്തില്‍ രാഷ്ട്രീയം ആരോപിച്ച് ശയനപ്രദക്ഷിണം അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഇന്ന് തന്റെ ശയനപ്രദക്ഷിണത്തിനെതിരേ ഒരു കൂട്ടം ആളുകള്‍ ശബ്ദമുയര്‍ത്തിയെങ്കിലും ക്ഷേത്രാചാരങ്ങളെയോ മറ്റാരുടെയെങ്കിലും വിശ്വാസത്തെയോ ഹനിക്കുന്ന ഒന്നും തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് വ്യക്തമാക്കിയാണ് ശയനപ്രദക്ഷിണം നടത്തിയതെന്ന് രാമനുണ്ണി പറഞ്ഞു. ക്ഷേത്രത്തില്‍ എത്തിയ എസ്.പിയോട് ഇക്കാര്യം ബോധ്യപ്പെടുത്തി.

ആത്മീയതയാണ് മതത്തിന്റെ അടിസ്ഥാനമെന്ന് രാമനുണ്ണി ഓര്‍മ്മിപ്പിച്ചു. ദേവാലയങ്ങളെ കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളാക്കാൻ പാടില്ല.പരക്ലേശവിവേകമില്ലാതെ ആത്മീയതയില്ല. താന്‍ എന്തു ഭക്ഷണം കഴിക്കും എന്നതല്ല അയല്‍ക്കാരന് ഭക്ഷണം കഴിക്കാനുണ്ടോ എന്നതാണ് യഥാര്‍ത്ഥ വിശ്വാസിയുടെ ഉല്കണ്ഠ എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത് ഓർക്കുക. മതത്തിന്റെ ജനാധിപത്യപരവും വിപ്ലവകരവുമായ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള ശ്രമമായാണ് തന്റെ പ്രായശ്ചിത്ത ശയനപ്രദക്ഷിണത്തെ കാണുന്നതെന്ന് കെ.പി.രാമനുണ്ണി പറഞ്ഞു.