മുംബൈയില്‍ കനത്ത മഴ : റയില്‍-വ്യോമ ഗതാഗതം തടസ്സപ്പെട്ടു

#

മുംബൈ (07-06-18) : ഇന്ന് രാവിലെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതോടെ മുംബൈയില്‍ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന തരത്തില്‍ കനത്ത മഴ തുടരുകയാണ്. ദാദര്‍, ബാന്ദ്ര, ബോറിവലി, അന്ധേരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡില്‍ വെള്ളം കയറി. കാലവര്‍ഷമെത്തും മുമ്പ് പെയ്ത മഴയുടെ തുടര്‍ച്ച പോലെയാണ് ഇന്ന് കാലവര്‍ഷം ആരംഭിച്ചത്.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ട്രയിന്‍ ഗതാഗതം താറുമാറായി. മുംബൈ-താനെ പാതയില്‍ 15-20 മിനുട്ട് വൈകിയാണ് എല്ലാ ട്രയിനുകളും ഓടുന്നത്. ലണ്ടനില്‍ നിന്ന് മുംബൈയിലേക്കുള്ള ജെറ്റ് എയര്‍വേഴ്‌സിന്റെ വിമാനം മഴമൂലം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. അടുത്ത 24 മണിക്കൂര്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.